സ്‌കൂളുകളുടെ അംഗീകാരം ഒരു മാസത്തിനകം അപേക്ഷ നല്‍കാത്തവ പൂട്ടാം: കോടതി

കൊച്ചി: അംഗീകാരം ലഭിക്കാന്‍ ഒരു മാസത്തിനകം അപേക്ഷ നല്‍കാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാരിന് അടച്ചുപൂട്ടാമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. നേരത്തേ അപേക്ഷ നിരസിച്ചവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാമെന്നും ഇതുവരെ നല്‍കാത്തവര്‍ ഒരു മാസത്തിനകം അത് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കേന്ദ്ര വിദ്യാഭ്യാസ നിയമം വരുന്നതിനു മുമ്പും ശേഷവും ആരംഭിച്ച സ്‌കൂളുകള്‍ക്കെല്ലാം ഇത് ഒരുപോലെ ബാധകമാണ്. സപ്തംബര്‍ 15നകം എല്ലാ അപേക്ഷകളും സര്‍ക്കാര്‍ പരിഗണിക്കണം. അംഗീകാരമുള്ള സ്‌കൂളുകള്‍ക്കെല്ലാം എന്‍ഒസി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എന്‍ഒസി നിഷേധിച്ച് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവുകളെല്ലാം കോടതി റദ്ദാക്കി. ഇപ്പോള്‍ പരിഗണനയിലുള്ള അപേക്ഷകള്‍ നിയമപരമായി പരിശോധിച്ച് തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.
സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നത് ഉറപ്പാക്കാനാണ് വിദ്യാഭ്യാസ നിയമത്തിന്റെ 35ാം വകുപ്പിന്റെ ലക്ഷ്യമെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലെ ഈ വകുപ്പനുസരിച്ചു വേണം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍. അപേക്ഷകള്‍ നിയമപരമായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. ഒക്‌ടോബര്‍ 15ന് മുമ്പ് അഫിലിയേഷന് ലഭിക്കുന്ന അപേക്ഷകളെല്ലാം സ്വീകരിക്കണം. നിയമപരമായി അനുവദനീയമായ ഉപാധികള്‍ അംഗീകാരത്തിന് ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ട്. അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിശ്ചിത സമയം നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്.
അതേസമയം, അഫിലിയേഷനു വേണ്ടി സിബിഎസ്ഇക്ക് അപേക്ഷ നല്‍കേണ്ട അവസാന ദിവസം കോടതി 2018 ഒക്‌ടോബര്‍ 15 വരെ നീട്ടി നല്‍കി. 2018 ജൂണ്‍ 30 ആയിരുന്നു അവസാന ദിവസമെന്നും ഇതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ 2019-20ലേക്കേ പരിഗണിക്കാനാവൂവെന്നുമായിരുന്നു സിബിഎസ്ഇ നിലപാട്. എന്നാല്‍, അംഗീകാരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍നയം മൂലം സമയത്ത് അപേക്ഷ നല്‍കാനായില്ലെന്ന ചില ഹരജിക്കാരുടെ വാദം പരിഗണിച്ചാണ് തിയ്യതി ഒക്‌ടോബറിലേക്ക് നീട്ടിയത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ മറ്റു സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങളും സംരക്ഷിത അധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ചുമുള്ള ചോദ്യങ്ങളും സ്‌കൂളുകളുടെ അംഗീകാരത്തിനു വേണ്ടിയുള്ള അപേക്ഷാ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറുപടിക്ക് വേണ്ടി നിര്‍ബന്ധിക്കരുതെന്നു കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 19ാം സെക്ഷന്റെ പരിധിയില്‍ പറയുന്ന നിലവാരവും മാനദണ്ഡവും സംബന്ധിച്ച പരിഗണനയില്‍ വരാത്ത കാര്യങ്ങളാണിത്. സര്‍ക്കാര്‍ സഹായമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സംരക്ഷിത അധ്യാപകരുടെ നിയമനകാര്യത്തില്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥരല്ല. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നിശ്ചിത അളവില്‍ സ്ഥലം കൈവശം ഉണ്ടാവണമെന്നു നിയമപരമായി ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top