സ്‌കൂളുകളും കോളജുകളും ഹൈടെക് ആക്കാന്‍ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളും ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ വരുന്നു. തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും പ്രഥമ അധ്യാപകരുടെയും അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. ആദ്യഘട്ടമെന്നനിലയില്‍ എട്ടാം ക്ലാസ്സ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കഌസുകളാണ് ഹൈടെക് ആക്കുന്നത്.
ജൂണ്‍ ഒന്നിന് മുമ്പ് ഇതുസംബന്ധിച്ച പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.
നിയോജകമണ്ഡലത്തിലെ എല്‍പി, യുപി സ്‌കൂളുകളും ഘട്ടംഘട്ടമായി ഹൈടെക് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുക എംഎല്‍എ ഫണ്ടില്‍നിന്നും അനുവദിക്കുമെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ അറിയിച്ചു.
ഇതുസംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തും. മണക്കാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അഞ്ച് കോടിരൂപയും, ഒരു കോടി രൂപ എംഎല്‍എ ഫണ്ടില്‍നിന്നും അനുവദിച്ചു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.  കോട്ടണ്‍ഹില്‍ സ്‌കൂളിന് മൂന്നുകോടി രൂപയും, ചാക്ക ഗവ. യു.പി സ്‌കൂളിന് ഒരു കോടിരൂപയും അനുവദിച്ചിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങളും ഉടന്‍ ആരംഭിക്കും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഒരു സ്‌കൂളില്‍ ഒരു പ്ലാവ് നടുന്നതിനാവശ്യമായ തൈകള്‍ വിതരണം ചെയ്യുമെന്നും ഓരോ സ്‌കൂളിനും ആവശ്യമായ വൃക്ഷത്തൈകള്‍ ലഭ്യമാക്കുമെന്നും യോഗത്തില്‍ വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദീപാമാര്‍ട്ടിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗം വിഎസ് ശിവകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ നിയോജകമണ്ഡലത്തിലെ 59 സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാരും, പ്രഥമാധ്യാപകരും കൂടാതെ ഡിഇഒ, എഇഒമാര്‍, തിരുവനന്തപുരം നഗരസഭാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top