സ്‌കൂളുകളിലെ വിടവാങ്ങല്‍ ആഘോഷം പരിധിവിട്ടാല്‍ നടപടി

സാദിഖ് ഉളിയില്‍
ഇരിട്ടി: സ്‌കൂള്‍ അധ്യയന വര്‍ഷാവസാന ആഘോഷങ്ങള്‍ പരിധി വിടാതിരിക്കാനും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമൊഴിവാക്കാനും കര്‍ശന നടപടിയുമായി പോലിസ്. കഴിഞ്ഞ അധ്യയനവര്‍ഷം എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം ഇരിട്ടി ടൗണിനടുത്ത ഒരു സ്‌കൂളിലെ ആഘോഷത്തിനിടെ വിദ്യാര്‍ഥി പുഴയില്‍ വീണു മരിക്കുകയും ചിലയിടത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഇരിട്ടി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ഇരിട്ടി സബ് ഡിവിഷനല്‍ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളിലും അതാത് സ്‌റ്റേഷന്‍ ഓഫിസറുടെയും എസ്‌ഐയുടെയു നേതൃത്വത്തില്‍ പിടിഎയുടെയും അധ്യാപകരുടെയും സഹകരണത്തോടെ ആഘോഷത്തിലെ അമിതാവേശം ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണവും മുന്‍കരുതലും എടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്ക ന്‍ഡറി, ഹൈസ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പിടിഎ, അധ്യാപകര്‍ എന്നിവരടങ്ങുന്ന ജാഗ്രതാ സമിതി രൂപീകരിച്ചു.
കമ്മിറ്റി അംഗങ്ങളുടെ യോഗം അതാത് സ്‌റ്റേഷന്‍ ഓഫിസര്‍മാരുടെയും എസ്‌ഐമാരുടെയും നേതൃത്വത്തില്‍ തുടങ്ങി. ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷാവസാന ദിവസമായ മാര്‍ച്ച് 27, 28 തിയ്യതികളില്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണവും ജാഗ്രതയും ഉണ്ടാവും. പരീക്ഷ അവസാനിച്ചാല്‍ വിദ്യാര്‍ഥികള്‍ ഉടന്‍ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കും. സ്‌കൂള്‍ കോംപൗണ്ടില്‍ കൂട്ടംകൂടി നില്‍ക്കാനോ മറ്റു ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ അനുവദിക്കില്ല.
മുഖത്ത് ചായം പൂശുന്നതും പാഠപുസ്തകങ്ങള്‍ വലിച്ചെറിയുന്നതും ഉള്‍പ്പെടെയുള്ള ആഭാസങ്ങള്‍ കര്‍ശനമായി നിരോധിക്കും. ഇത്തരം പ്രവൃത്തിയിലേര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. പരീക്ഷാവസാന ദിവസം സ്‌കൂള്‍ കോംപൗണ്ട് വിട്ട് ടൗണുകളില്‍ ഉള്‍പ്പെടെ മറ്റു പല കേന്ദ്രങ്ങളിലും കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ടൗണുകളിലെ പോക്കറ്റുകള്‍, ഇടനാഴികള്‍, സിനിമാ തിയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ മഫ്തിയില്‍ പോലിസ് നിരീക്ഷണമുണ്ടാവും.
ബൈക്കുകളില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെ പൂട്ടാന്‍ വിദ്യാലയങ്ങളും ടൗണുകളും കേന്ദ്രീകരിച്ചു വാഹന പരിശോധനയുണ്ടാവും. ബൈക്കുമായി വിദ്യാര്‍ഥികളെ പിടികൂടിയാല്‍ രക്ഷിതാക്കള്‍ക്കെതിരേ കേസെടുത്ത് പിഴ ചുമത്തും. വിദ്യാലയാന്തരീക്ഷം ശാന്തമാക്കാനും സംഘര്‍ഷസാധ്യതയും അപകടവും ഒഴിവാക്കാനും പോലിസും പിടിഎയും സ്‌കൂള്‍ അധികൃതരും സംയുക്തമായി നടത്തുന്ന ജാഗ്രതാ നിരീക്ഷണത്തില്‍ രക്ഷിതാക്കളും സഹകരിക്കണമെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top