സ്‌കൂളുകളിലെ ആര്‍എസ്എസ് ആയുധ പരിശീലന ക്യാംപ് : മലപ്പുറം എസ്പി ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തിമലപ്പുറം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലന ക്യാംപുകള്‍ തടയണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് മലപ്പുറം എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസിനെ എതിര്‍ക്കുന്നത് തങ്ങളാണ് വീമ്പ് പറഞ്ഞുനടക്കുന്ന ഇടതു സര്‍ക്കാറിന് ഈ ആയുധ പരിശീലനം തടയാന്‍ കഴിയാത്തത് കഴിവുകേടാണെന്ന്് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ കെട്ടിടങ്ങളും ക്യാംപസുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പല സ്‌കൂളുകളിലും അര്‍എസ്എസ് ക്യാംപ് നടത്തുന്നത്. ഇതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ഥി സമൂഹം ആ ദൗത്യം ഏറ്റെടുക്കുമെന്നും അതിന് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഏപ്രില്‍ 17 മുതല്‍ മെയ് 8 വരെയുള്ള ദിവസങ്ങളിലായാണ് ക്യാംപ് നടക്കുന്നത്. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാനികേതന്‍ സ്‌കൂളിലാണ് ക്യാംപ് നടക്കുന്നത്. വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലന ക്യാംപുകള്‍ തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കും ക്യാംപുകള്‍ നടക്കുന്ന സ്ഥലങ്ങളിലെ പോലിസ് അധികാരികള്‍ക്കും നേരത്തെ കാംപസ്ഫ്രണ്ട് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് എസ്പി ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സലീം, സംസ്ഥാന സമിതിയംഗം ഇര്‍ഷാദ് മൊറയൂര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഷഫീഖ് കല്ലായി, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ടി മുഹമ്മദ് ഷഫീഖ്, ഫായിസ് കണിച്ചേരി, നൗഫല്‍ വെട്ടിച്ചിറ, ബുനൈസ് കുന്നത്ത്, ഇസ്തിഫാ റോഷന്‍, മുബാറക്ക് പുത്തനത്താണി, ബിന്‍സിയ, സന ജയ്ഫര്‍, ടി നിഷിദ, കെ ഫാത്തിമ സുമയ്യ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top