സ്‌കൂളില്‍ ക്ലാസ് മുറി നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപോര്‍ട്ട്ആലപ്പുഴ: അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് മുറി നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപോര്‍ട്ട്. 55 ലക്ഷം രൂപ ചെലവഴിച്ചുള്ള ക്ലാസ് മുറി നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ക്ലാസ് മുറികളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അനുവദിച്ച കംപ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ഓഡിറ്റോറിയം നിര്‍മാണവും തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു. വി എം സുധീരന്‍ എംപി ആയിരുന്ന കാലത്ത് ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ മാതൃകയില്‍ അമ്പലപ്പുഴ സ്‌കൂളിലെ ഓഡിറ്റോറിയം നിര്‍മിക്കണമെന്നു ഞാന്‍ ആവശ്യപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ല. കോട്ട പോലെയാണ് ഓഡിറ്റോറിയം നിര്‍മിച്ചിട്ടുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പ്രയോജനമില്ലാതെ പോകുന്നതു ശരിയല്ല. സ്‌കൂളുകള്‍ക്ക് ഓഡിറ്റോറിയത്തിനു തുക അനുവദിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top