സ്‌കൂളിലെ പാദപൂജ വിവാദമാവുന്നു

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി ട്രസ്റ്റ് നടത്തുന്ന ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ നടത്തിയ പാദപൂജയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. വി ടി ബല്‍റാം എംഎല്‍എ, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കാംപസ് ഫ്രണ്ട്, എംഎസ്എഫ്, എസ്‌കെഎസ്എസ്എഫ് സംഘടനകള്‍  രംഗത്തെത്തി. സ്‌കൂളില്‍ നടത്തിയ ഗുരുപൂര്‍ണിമ ചടങ്ങിനും പാദപൂജയ്ക്കുമെതിരേ തന്റെ ഫേസ്ബുക്ക് പേജില്‍ പി കെ ഫിറോസ് ശക്തമായി പ്രതിഷേധിച്ചു. കുട്ടികള്‍ അധ്യാപകരുടെ അപ്രീതി ക്ഷണിച്ചുവരുത്തേണ്ട എന്ന് വിചാരിച്ചാണ് എതിര്‍പ്പ് പ്രകടിപ്പിക്കാത്തത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയോ അധ്യാപകരുടെയോ വിശ്വാസങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.   ക്ലാസ്മുറികളെ മിഥിലാപുരികളാക്കി അധ്യാപകര്‍ പൂജാരികളായി മാറുന്ന സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറുന്നത് വിദ്യാഭ്യാസവകുപ്പിന്റെ കഴിവുകേടാണെന്ന് എംഎസ്എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു എന്ന സംഭവം പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. സ്‌കൂള്‍ പ്രിന്‍സിപ്പലിനും പരിപാടി നടത്താന്‍ മുന്നിട്ടിറങ്ങിയ അധ്യാപകര്‍ക്കുമെതിരേ എംഎസ്എഫ് ഡിഡിഇക്ക് പരാതിനല്‍കുമെന്നു എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ യൂസഫ്, ജന. സെക്രട്ടറി അല്‍ റസിന്‍ അറിയിച്ചു.
കഴിഞ്ഞദിവസം ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ മിഥിലാപുരിയെന്ന് നാമകരണം ചെയ്ത ക്ലാസ് റൂമില്‍ പൂജാ സാമഗ്രികള്‍ ഒരുക്കിയാണ് അധ്യാപകരുടെ പാദപൂജയടക്കമുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകളിലായി വിവിധ മതസ്ഥരായ 3000ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ക്ഷേത്രാചാരങ്ങളോടെ രാമായണമാസാചരണവും ഗുരുപൗര്‍ണമിയും ആഘോഷിക്കുന്നത്. അധ്യാപകന്റെ പാദപൂജ നടത്തുന്ന ചടങ്ങിനോട് ഇതരമതസ്ഥരായ വിദ്യാര്‍ഥികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അധ്യാപകരുടെ അനിഷ്ടം ഭയന്ന് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. സ്‌കൂള്‍ വിട്ട് വീടുകളിലെത്തിയ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്.

RELATED STORIES

Share it
Top