സ്‌കൂളിലെ ആര്‍എസ്എസ് പരിശീലന ക്യാംപിനെതിരേ പ്രതിഷേധമുയരുന്നു

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ആയുധ പരിശീലന ക്യാംപിനെതിരേ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം നവോദയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസ് വോളന്റിയര്‍മാര്‍ പരിശോധിച്ചതും പ്രതിഷേധം ശക്തമാവാന്‍ കാരണമായിട്ടുണ്ട്. വിദ്യാര്‍ഥികളിലും പ്രദേശവാസികളും ഭീതിയുളവാക്കുന്ന വിധത്തിലാണ് ക്യാംപ് നടക്കുന്നത്. ആര്‍എസ്എസിന്റെ സംസ്ഥാനതല ആയുധ പരിശീലന ക്യാംപാണ് തൊക്കിലങ്ങാടി സ്‌കൂളില്‍ നടക്കുന്നത്. സ്‌കൂള്‍ ഗേറ്റ് മുതലുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കാക്കിയണിഞ്ഞ വോളന്റിയര്‍മാരാണ്. കഴിഞ്ഞ ദിവസം ഇവിടെ നവോദയ സ്‌കൂളിലേക്കുള്ള പ്രവേശന പരീക്ഷ നടന്നിരുന്നു. പരീക്ഷാ എഴുതാനെത്തിയ കുട്ടികളെ പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്. കുട്ടികളും രക്ഷിതാക്കളും ഭീതിയോടെയാണ് സ്‌കൂളില്‍ മണിക്കൂറുകള്‍ ചെലവഴിച്ചത്. ആര്‍എസ്എസിന്റെ ആയുധ പരിശീലനം പൊതുവിദ്യാലയത്തില്‍ നടക്കുമ്പോള്‍ അത് തടയാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരും നടപടി എടുക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മൂന്നു സ്‌കൂളുകളില്‍ ദശദിന ക്യാംപ് നടത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഡിജിപിക്കും എസ്പിക്കുമെല്ലാം പരാതി നല്‍കിയിരുന്നു. മാത്രമല്ല, സിപിഎം ചാനലില്‍ ഒളികാമറയില്‍ പകര്‍ത്തിയതെന്ന് അവകാശപ്പെട്ട് ഒടിസി ക്യാംപിലെ ആയുധപരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് പുതിയതെരുവിലെ സ്വകാര്യ സ്‌കൂളില്‍ പരിശീലനം നടന്നതിനെതിരേ പ്രതിഷേധമുയരുകയും സ്‌കൂളിനും നേരെ അതിക്രമം നടക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് തളിപ്പറമ്പ് തൃഛംബരത്തെ സ്‌കൂളില്‍ കരാത്തെ പരിശീലനമെന്ന വ്യാജേന ആര്‍എസ്എസ് ക്യാംപ് നടത്തിയപ്പോള്‍ കാംപസ് ഫ്രണ്ട് പോലെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയതോടെ ഏഴുദിവസത്തെ ക്യാംപ് വെട്ടിച്ചുരുക്കി മൂന്നാം ദിവസം നിര്‍ത്തലാക്കിയിരുന്നു. ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആര്‍എസ്എസിന്റെ ആയുധ പരിശീലനം തടയുമെന്ന് മുഖ്യമത്രി തന്നെ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനു നിയന്ത്രിക്കാനാവുന്ന എയ്ഡഡ് സ്‌കൂളിലെ ആയുധപരിശീലന ക്യാംപിനെതിരേ യാതൊരു നടപടിയുമെടുത്തിട്ടില്ല. അതേസമയം, ഡിവൈഎഫ്‌ഐ പ്രതിഷേധ സംഗമവുമായി രംഗത്തെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top