സ്‌കൂളിനു സ്ഥലം നല്‍കി ദരിദ്രമായ മുട്ടപ്പള്ളിയിലെ കുടുംബത്തിനു വീട് നല്‍കണമെന്നു കമ്മീഷന്‍

മുട്ടപ്പള്ളി: ഉണ്ടായിരുന്ന സ്ഥലമത്രയും നാട്ടില്‍ സ്‌കൂളിനു നല്‍കിയ അച്ഛന്‍ മരിച്ചപ്പോള്‍ കേറികിടക്കാന്‍ കിടപ്പാടമില്ലാതായ മകള്‍ക്കും കുടുംബത്തിനും ഒടുവില്‍ പട്ടികജാതി, പട്ടികവര്‍ഗ ഗോത്ര കമ്മീഷന്റെ കനിവ്. വീട് നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കാതിരുന്ന പട്ടികജാതി വികസന വകുപ്പിനോടാണ് ഫണ്ട് നല്‍കണമെന്നു കമ്മീഷന്‍ ജസ്റ്റിസ് പി എന്‍ വിജയകുമാര്‍ ഉത്തരവിട്ടത്. മുട്ടപ്പളളി മഠത്തിപ്പറമ്പില്‍ ശാന്തമ്മ, ഭര്‍ത്താവ് രാജു എന്നിവര്‍ക്ക് മുമ്പ് ബ്ലോക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് വീട് നിര്‍മിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ വകുപ്പ് തള്ളിക്കളയുകയായിരുന്നു. 32 വര്‍ഷം മുമ്പ് ഹരിജന്‍ ക്ഷേമ വകുപ്പ് 12,500 രൂപ വീട് നിര്‍മാണത്തിന് നല്‍കിയിരുന്നെന്ന കാരണം ഉന്നയിച്ചാണ് അപേക്ഷ തള്ളിക്കളഞ്ഞത്. ഇതിനെതിരേ ശാന്തമ്മയും ഭര്‍ത്താവും കമ്മീഷന് നല്‍കിയ പരാതിയിലാണ് ഉത്തരവ്. 32 വര്‍ഷം മുമ്പ് നല്‍കിയ നിസാര തുക കൊണ്ട് ഇപ്പോള്‍ വീടിന് തറപോലും നിര്‍മിക്കാനാവില്ല. ശാന്തമ്മയുടെ പിതാവ് പൊന്നുട്ടി ദാനമായി നല്‍കിയ സ്ഥലത്താണ് മുട്ടപ്പള്ളിയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 1984ലാണ് പൊന്നുട്ടി മരിച്ചത്. അതിന് 30 വര്‍ഷം മുമ്പ് 1954 ഫെബ്രുവരി 10നാണ് പൊന്നുട്ടി സ്വന്തം സ്ഥലത്ത് നടത്തിയ കുടിപ്പള്ളിക്കൂടം സ്ഥലം ഉള്‍പ്പടെ സര്‍ക്കാര്‍ ഏറ്റെടുത്തത്. സാമ്പത്തിക പരാധീനത മൂലം അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും കുടിപ്പള്ളിക്കൂടം നടത്താനും കഴിയാതെ വന്ന പൊന്നുട്ടിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഏറ്റെടുക്കല്‍. എന്നാല്‍ ഇതിന് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ശാന്തമ്മ പറഞ്ഞു. ഉണ്ടായിരുന്ന വീട് വിറ്റ് മകളുടെ വിവാഹം നടത്തിയതോടെ പൊന്നുട്ടിയും കുടുംബവും വാടക വീടുകളിലായി. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നുട്ടി മരിച്ചത് വാടകവീട്ടില്‍ കഴിയുമ്പോഴായിരുന്നു. മകള്‍ ശാന്തമ്മയും രോഗിയായ ഭര്‍ത്താവും സ്വന്തമായി വീടില്ലാതെ ഇപ്പോള്‍ മകളുടെ വീട്ടിലാണ് താമസം. കമ്മീഷന്റെ ഉത്തരവില്‍ നടപടികളായാല്‍ സഫലമാകുന്നത് പതിറ്റാണ്ടുകളോളം കാത്തിരുന്ന ഇവരുടെ സ്വന്തം വീടെന്ന സ്വപ്‌നമാണ്.

RELATED STORIES

Share it
Top