സ്വീഡിഷ് പടയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍

സമറ: പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ വീഴ്ത്തിയ സ്വീഡനെ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലീഷ് നിര ലോകകപ്പിന്റെ സെമിയിലേക്ക് ടിക്കറ്റെടുത്തു. ഹെഡറിലൂടെയാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളും പിറന്നത്.
ഇംഗ്ലണ്ടിനു വേണ്ടി തന്റെ അന്താരാഷ്ട്ര മല്‍സരത്തിലെ ആദ്യ ഗോളിലൂടെ ഹാരി മിഗ്വെയര്‍ അക്കൗണ്ട് തുറന്നപ്പോള്‍ ഡെലെ അലി രണ്ടാം ഗോളും കണ്ടെത്തി. 1990നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. സെമിയില്‍ അവസാന ക്വാര്‍ട്ടറില്‍ മല്‍സരിക്കുന്ന ക്രൊയേഷ്യയും റഷ്യയും തമ്മിലുള്ള വിജയിയെ ഇംഗ്ലണ്ട് നേരിടും.
പന്തടക്കത്തിലും ഷോട്ട് ഉതിര്‍ക്കുന്നതിലും ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. സ്വീഡന്‍ ഉതിര്‍ത്ത ഷോട്ടുകളില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് പാഞ്ഞടുത്തെങ്കിലും മൂന്നും തട്ടിയകറ്റിയ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ജന്‍ പിറ്റ്‌ഫോര്‍ഡായിരുന്നു ഇന്നലത്തെ റിയല്‍ ഹീറോ. 30ാം മിനിറ്റില്‍ ഹാരി മെഗ്യുറോയാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നത്. ഇംഗ്ലണ്ടിന് വീണുകിട്ടിയ കോര്‍ണര്‍ ആഷ്‌ലി യങ് എടുത്തപ്പോള്‍ ഇംഗ്ലണ്ട് പോസ്റ്റിനടുത്തുവച്ച് മഗ്വെയര്‍ ഹെഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു.
പിന്നീട് 59ാം മിനിറ്റില്‍ ഡെലെ അലി വീണ്ടും ഹെഡര്‍ ഗോളോടെ ഇംഗ്ലണ്ടിനു രണ്ടാം ഗോളും സമ്മാനിച്ചു. സ്വീഡിഷ് വലതുവശത്തു നിന്ന് ജെസ്സി ലിംഗാര്‍ഡ് ഉയര്‍ത്തി നല്‍കിയ പാസ് ഡെലെ അലി മനോഹരമായി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. ഇംഗ്ലണ്ട് 2-0നു മുന്നില്‍.
ഇതിനിടയില്‍ സ്വീഡിഷ് മുന്നേറ്റ താരങ്ങള്‍ ഓരോ തവണയും ഇംഗ്ലീഷ് ഗോള്‍മുഖത്ത് ലക്ഷ്യം കാണാനായി ഇരച്ചുകയറിയെങ്കിലും അവയെല്ലാം ഇംഗ്ലീഷ് ഗോളി പിറ്റ്‌ഫോര്‍ഡിന്റെ പ്രതിരോധത്തില്‍ തട്ടി അകലുകയായിരുന്നു. കൂടാതെ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലൂന്നി കളിച്ചതോടെ 2-0ന്റെ ജയവുമായി അവര്‍ സെമിയിലേക്ക് മുന്നേറി.

RELATED STORIES

Share it
Top