സ്വീകരിക്കാനെത്തിയവരെ അവഗണിച്ച് മന്ത്രി കടന്നുപോയി

തൃക്കരിപ്പൂര്‍: വലിയപറമ്പ സ്മാര്‍ട്ട് വില്ലേജിന്റെ ഉദ്ഘാടകനായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് സ്ഥലത്തെത്തിയത് ഉച്ചക്ക് 2.30 ഓടെ. അതിനും മണിക്കൂറുകള്‍ക്ക് മുന്നേ മന്ത്രിയെ സ്വീകരിക്കാന്‍ വാദ്യമേളങ്ങളും മുത്തുക്കുടകളുമായി സംഘാടകരും നാട്ടുകാരും തയ്യാറായി നിന്നിരുന്നു. വില്ലേജ് ഓഫിസിനും അര കിലോമീറ്റര്‍ അകലെ കെജിഎം വെയ്റ്റിങ് ഷെഡ് പരിസരത്താണ് സ്വീകരണമൊരുക്കിയത്.
എന്നാല്‍ മന്ത്രിയുടെ കാറും അകമ്പടി വാഹനങ്ങളും ഇവിടേക്കെത്തിയെങ്കിലും സ്വീകരണത്തിന് നില്‍ക്കാതെ നേരെ വേദിയിലേക്ക് പാഞ്ഞു. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച് മന്ത്രിയെ സ്വീകരിക്കാന്‍ കാത്തു നിന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെ അവഗണിച്ചായിരുന്നു മന്ത്രിയുടെ ആഗമനം. മന്ത്രി വാഹനം വേദിയിലേക്ക് പാഞ്ഞു പോയതോടെ സംഘാടകര്‍ ഒന്നമ്പരന്നു. പിന്നെ വാദ്യമേളങ്ങളും മുത്തുക്കുടകളും വാരിപ്പിടിച്ച് പിന്നാലെ പാഞ്ഞു. ഏതായാലും സ്വീകരണ പരിപാടി അലങ്കോലമായതില്‍ മന്ത്രിക്കെതിരെ മുറുമുറുപ്പുയര്‍ന്നു.
ചിലര്‍ അത് പരസ്യമായി പ്രകടിപ്പിക്കാനും മറന്നില്ല. എന്നാല്‍ രാജഭരണകാലം അവസാനിച്ചതിനാല്‍ ആനയും അമ്പാരിയുമൊത്തുള്ള സ്വീകരണ പരിപാടികള്‍ ജനപ്രതിനിധികള്‍ക്ക് ഭൂഷണമല്ലാത്തതിനാല്‍ ഇത്തരം സ്വീകരിച്ചാനയിക്കല്‍ ഇടത് മന്ത്രിമാര്‍ അനുവദിക്കാറില്ലെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുമേധാവികളെ മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതാണെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. സ്വീകരിച്ചാനയിക്കല്‍ നടക്കാതിരുന്നതിനു പിന്നാലെ മന്ത്രിയെത്തിയിട്ടും ഉദ്ഘാടന ചടങ്ങും വൈകി. അധ്യക്ഷനായ സ്ഥലം എംഎല്‍എയും ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന ജില്ലാ കലക്ടറും വൈകിയതാണ് കാരണം. വില്ലേജ് ഓഫിസിന്റെ വരാന്തയില്‍ മന്ത്രി കാത്തു നില്‍ക്കുന്നതിനിടെ കലക്ടര്‍ ഓടിപ്പിടച്ചെത്തി. പിന്നെയും അരമണിക്കൂറോളം വൈകിയാണ് എംഎല്‍എ എത്തിയത്.
ഈ സമയമത്രയും സംഘാടകര്‍ക്ക് എന്തു ചെയ്യണമെന്നറിയാതെ ഉത്കണ്ഠയും അധികരിച്ചു. വൈകാതെ എംഎല്‍എ എത്തിയതോടെ ചടങ്ങ് ആരംഭിച്ചു. ജില്ലയില്‍ വ്യവസായ മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നതിനാലാണ് വൈകിയതെന്ന് എംഎല്‍എയുടെ വിശദീകരണം. ഉദ്ഘാടന പ്രസംഗത്തിനിടെ നാട്ടുകാര്‍ക്കും സംഘാടകര്‍ക്കുമുണ്ടായ പ്രയാസങ്ങളില്‍ മന്ത്രിയും ഖേദം പ്രകടിപ്പിച്ചതോടെ ചടങ്ങിന് ശുഭപര്യവസാനമായി.

RELATED STORIES

Share it
Top