സ്വിസ് പടയെ വീഴ്ത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടറില്‍. സ്‌ട്രൈക്കര്‍ എമില്‍ ഫോഴ്‌സ്ബര്‍ഗാണ് സ്വീഡന്റെ ഗോള്‍ നേടിയത്.
24 വര്‍ഷത്തിനുശേഷമാണ് സ്വീഡന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും മുന്നിട്ടുനിന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് പുറത്തേക്കുള്ള വഴി കാട്ടിയത്.
സ്വീഡന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ് കളി മെനഞ്ഞത്. ഇതിനിടയില്‍ ഗോളെന്നുറച്ച ചില നിമിഷങ്ങള്‍ ഇരുടീമുകളും പാഴാക്കി.
40ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സ്വീഡിഷ് താരം ആല്‍ബിന്‍ എക്ബല്‍ പുറത്തേക്കടിച്ച് പാഴാക്കി. ഉണര്‍ന്നുകളിക്കുന്ന സ്വിസ് ടീമിനെയാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ കണ്ടത്. എന്നാല്‍, 66ാം മിനിറ്റില്‍ ഫോഴ്‌സ്ബര്‍ഗിന്റെ ഗോളിലൂടെ സ്വീഡനാണ് ഞെട്ടിച്ചത്.
സ്വിസ് ബോക്‌സിന് പുറത്തുനിന്ന് പന്ത് സ്വീകരിച്ച ഫോര്‍സ്ബര്‍ഗ് പ്രതിരോധനിരക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറി ഗോള്‍ വലയിലേക്ക് തൊടുത്ത ഷോട്ട് സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാനുവല്‍ അക്കാഞ്ചിയുടെ കാലുകളില്‍ തട്ടി വലയിലെത്തുകയായിരുന്നു. പിന്നീട് സ്വിസ് ടീം സ്വീഡന്‍ പോസ്റ്റിലേക്ക് ഇരച്ചുകയറിയെങ്കിലും സ്വീഡിഷ് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. എക്‌സ്ട്രാ ടൈമില്‍ പോസ്റ്റിനടുത്തു വച്ച് സ്വീഡിഷ് മുന്നേറ്റത്തെ വീഴ്ത്തിയതിന് സ്വിസ് താരം മൈക്കിള്‍ ലാങിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. പെനല്‍റ്റി ബോക്‌സിന് തൊട്ടു പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് പക്ഷേ, സ്വീഡന് മുതലാക്കാനായില്ല.

RELATED STORIES

Share it
Top