സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കരുത്‌

കൊച്ചി/തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട് ചെയ്ത വിദ്യാര്‍ഥികളില്‍ നിന്നു ബാങ്ക് ഗ്യാരന്റി വാങ്ങാന്‍ പാടില്ലെന്ന് എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും പരീക്ഷാ കമ്മീഷണറും ഫീസ് റഗുലേറ്റിങ് കമ്മിറ്റിയും നിര്‍ദേശം നല്‍കി.
മെറിറ്റില്‍ പ്രവേശനം നേടിയവരെ ബാങ്ക് ഗ്യാരന്റിയില്ലാതെ തന്നെ പ്രവേശിപ്പിക്കണമെന്ന പൊതു ഉത്തരവിടാന്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ക്കും മേല്‍നോട്ട സമിതിക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. എംബിബിഎസ് മെറിറ്റ് സീറ്റില്‍ ബാങ്ക് ഗ്യാരന്റി വാങ്ങാതെ പ്രവേശനം നല്‍കാന്‍ കഴിഞ്ഞദിവസം കോടതിയെ സമീപിച്ച ഹരജിക്കാരിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ രണ്ട് ഹരജികളിലായി 13 വിദ്യാര്‍ഥികള്‍ കൂടി ഇന്നലെ കോടതിയെ സമീപിച്ചു. ഈ ഹരജികളിലാണ് എല്ലാ കോളജുകള്‍ക്കും ബാധകമാവുന്നവിധം ഉത്തരവിടാന്‍ കോടതി അനുമതി നല്‍കിയത്.
സ്വാശ്രയ മെഡിക്കല്‍ കോളജിലെ ആദ്യവര്‍ഷത്തെ ഫീസ് പണമായും ശേഷിക്കുന്ന വര്‍ഷങ്ങളിലെ ഫീസ് ബാങ്ക് ഗ്യാരന്റിയായും നല്‍കണമെന്ന കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ നിലപാടിനെതിരേയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി നവ്യ രാജീവ് നല്‍കിയ ഹരജിയിലാണ് കഴിഞ്ഞദിവസം ഉത്തരവുണ്ടായത്. ഈ ഉത്തരവ് നവ്യക്ക് മാത്രം ബാധകമാവുന്നതാണെന്ന് കോളജ് അധികൃതര്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top