സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : ഫീസ് ഘടന തീരുമാനമായില്ലതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് നിര്‍ണയിക്കുന്നതിനായി സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചര്‍ച്ചനടത്തിയത്. എംബിബിഎസ് പ്രവേശനത്തിന് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ 85 ശതമാനം സീറ്റില്‍ വാര്‍ഷിക ഫീസ് ഏഴു ലക്ഷം രൂപയും 15 ശതമാനം വരുന്ന എന്‍ആര്‍ഐ സീറ്റില്‍ 15 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 85 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നോട്ടുവച്ചു. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം ക്രിസ്ത്യന്‍ മാനേജ്‌മെന്റ് പ്രതിനിധി ഇഗ്നേഷ്യസ് സര്‍ക്കാരിനു മുമ്പില്‍ വച്ചു. ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചനടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പൂര്‍ണമായും അലസിപ്പിരിഞ്ഞു. 15 ലക്ഷം രൂപ വാര്‍ഷിക ഫീസും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് ഇവര്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. ഇതു സ്വീകാര്യമല്ലെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതേത്തുടര്‍ന്നു സ്വാശ്രയ മെഡിക്കല്‍ പ്രവേശനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടാണ് പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി അനില്‍കുമാര്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് രാജീവ് സദാനന്ദന്‍, ഡോ. റംലാ ബീവി എന്നിവരും പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് അനില്‍കുമാറും പങ്കെടുത്തു.

RELATED STORIES

Share it
Top