സ്വാമി ലക്ഷ്മീവര തീര്‍ഥയുടെ ദുരൂഹ മരണം: അന്വേഷണത്തിന് ഉത്തരവിട്ടു
afsal ph aph2018-07-19T19:50:24+05:30

ഉഡുപ്പി: ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവര തീര്‍ഥയുടെ(55) മരണത്തില്‍ അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉത്തരവിട്ടത്. മഠത്തില്‍ മൂന്നു ദിവസം നിരീക്ഷണം ഏര്‍പ്പെടുത്താനും പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഒരു ചടങ്ങില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചശേഷം സ്വാമി ലക്ഷ്മീവര തീര്ഥയ്ക്കു വയറു വേദന അനുഭവപ്പെട്ടിരുന്നെങ്കിലും ഗൗനിച്ചില്ല. പിന്നീടു ഛര്‍ദിയുണ്ടായി. ഇതോടെ ഉഡുപ്പിയിലും അവിടെനിന്നു ബുധനാഴ്ച വെളുപ്പിന് ഒന്നിനു മണിപ്പാലിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പാലില്‍ ചികില്‍സക്കിടെ ഇന്നു രാവിലെ എട്ടിനാണു മരിച്ചത്. കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മണിപ്പാല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
വിഷം അകത്തു ചെന്നതാണു മരണ കാരണമെന്നു സംശയിക്കുന്നതായി മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. ഏതാനും നാള് മുമ്പ് അസുഖ ബാധിതനായപ്പോള്‍ തന്റെ പക്കല്‍ ഉണ്ടായിരുന്ന വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ ശ്രീകൃഷ്ണ മഠത്തില്‍ ഏല്പിച്ചിരുന്നു. അസുഖം ഭേദപ്പെട്ടശേഷം ഇവ തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്കിയില്ലത്രെ. ഇതിന്റെ പേരില്‍ മറ്റു മഠങ്ങളിലെ സ്വാമിമാരുമായി ഭിന്നത ഉണ്ടാവുകയും ലക്ഷ്മീവര തീര്‍ഥ ഷിരൂര്‍ മഠാധിപതി സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം സ്വാമിമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ വിഗ്രഹം തിരികെ നല്‍കാത്തതിനു പുത്തിഗെ മഠം ഒഴികെ ആറു മഠങ്ങളിലെ സ്വാമമാര്ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ലക്ഷ്മീവര തീര്‍ഥ നടപടി ആരംഭിക്കുകയും അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവാദം നിലനില്‍ക്കെയാണ് ഇദ്ദേഹം ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ലക്ഷ്മീവര തീര്‍ഥ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തില്‍നിന്ന് അദ്ദേഹം പിന്മാറിയിരുന്നു.