സ്വാമി യുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവം : പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ സംഘപരിവാരമെന്ന് കാമുകന്‍തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് പെണ്‍കുട്ടിയുടെ കാമുകന്‍ രംഗത്ത്. പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്നും കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. ഹരജിയില്‍ കോടതി പോലിസിനോട് വിശദീകരണം തേടി. സ്വാമിയുടെ നിരപരാധിത്വം പ്രഖ്യാപിച്ച് പെണ്‍കുട്ടി രംഗത്തുവന്നതിനു പിന്നില്‍ സംഘപരിവാരമാണെന്നും അയ്യപ്പദാസ് ആരോപിച്ചു. സ്വാമിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ് പെണ്‍കുട്ടിയുടെ കാമുകനായ അയ്യപ്പദാസ്. സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹരജിയില്‍ ഇന്നലെ തിരുവനന്തപുരം പോക്‌സോ കോടതി വാദം കേട്ടു. കേസില്‍ വിധി പറയാനായി ഇന്നത്തേക്കു മാറ്റി. പെണ്‍കുട്ടി തന്നെ വ്യത്യസ്ത മൊഴികള്‍ പറയുന്നതുകൊണ്ട് ശരിയായ അനേ്വഷണം സാധ്യമായിട്ടില്ലെന്നും കഴിഞ്ഞ 28 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന ഗംഗേശാനന്ദക്ക് ജാമ്യം അനുവദിക്കണമെന്നും സ്വാമിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസ് സിബിഐക്ക് വിടണമെന്ന പെണ്‍കുട്ടിയുടെ ഹരജിയും ഇതോടൊപ്പം തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസ് സിബിഐക്ക് വിടാന്‍ പോക്‌സോ കോടതിക്ക് അംഗീകാരം ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന പോലിസിന്റെ അപേക്ഷയിലും കേസ് ഏത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന കാര്യത്തിലും ഇന്നു തീര്‍പ്പുണ്ടാവും. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിഭാഗം ശക്തമായ ശ്രമം നടത്തുന്നുവെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. അതേസമയം, കൃത്യനിര്‍വഹണത്തിന് അയ്യപ്പദാസിന്റെ സഹായമുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ വാദം വാസ്തവവിരുദ്ധമാണെന്നു മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വഴി പോലിസ് കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top