സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ബലാല്‍സംഗശ്രമത്തിനിടെയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരേ ക്രൈംബ്രാഞ്ച് വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും.
ബാഹ്യപ്രേരണകൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാംമൊഴി പോലിസ് തള്ളിക്കളഞ്ഞു. അന്തിമ റിപോര്‍ട്ടില്‍ നിയമോപദേശം തേടി. വീടിനുള്ളില്‍ നടന്ന ബലാല്‍സംഗശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. പെ ണ്‍കുട്ടിയുടെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴി മാറ്റിയിരുന്നു. സ്വാമിയുടെ സഹായി അയ്യപ്പദാസിന്റെ പ്രേരണയാല്‍ ചെയ്തതാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു മൊഴി. പക്ഷേ, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഒരു വനിത എഡിജിപിക്കു പങ്കുണ്ടെന്ന ഗംഗേശാനന്ദയുടെ പരാതിയും ക്രൈംബ്രാഞ്ച് തള്ളുന്നു.
മൊഴിമാറ്റമോ ഈ കത്തിലെ ഉള്ളടക്കമോ ശരിവയ്ക്കുംവിധത്തിലായിരുന്നില്ല സാഹചര്യത്തെളിവുകള്‍. ഗംഗേശാനന്ദ നിരപരാധിയാണെന്നു വ്യക്തമാവുന്നവിധമല്ല സംഭവഗതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സ്വയംരക്ഷയ്ക്കായി പെണ്‍കുട്ടി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് ആഞ്ഞുവീശിയപ്പോഴാണ് ജനനേന്ദ്രിയം 90 ശതമാനത്തിലേറെ മുറിഞ്ഞ് വേര്‍പെട്ടതെന്നാണു കണ്ടെത്തല്‍. മറ്റ് ഏതു സാഹചര്യത്തിലാണെങ്കിലും ഇങ്ങനെ മുറിയാന്‍ സാധ്യത കുറവാണെന്നാണു നിഗമനം. ലോക്കല്‍ പോലിസിന്റെ അന്വേഷണത്തിലും ഇതുതന്നെയാണ് കണ്ടെത്തിയിരുന്നത്. തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗംഗേശാനന്ദയെ സ്വയംരക്ഷയ്ക്കായി ആക്രമിെച്ചന്ന ലോക്കല്‍ പോലിസിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സംഭവവേളയില്‍ സ്വാമിക്കെതിരേ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഗംഗേശാനന്ദയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ ചില ശ്രമങ്ങള്‍ നേരത്തേ വിവാദമായിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലെത്തിയത്.
പെണ്‍കുട്ടി സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന നിലയിലാണ് സ്വാമിയെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കുന്നത്. ജീവപര്യന്തം വരെ ലഭിക്കാവുന്ന ഐപിസി വകുപ്പുകള്‍ ചുമത്തും. സ്വയംപ്രതിരോധത്തിന്റെ ഭാഗമായതിനാല്‍ പെണ്‍കുട്ടിക്കെതിരേ കേസില്ല.

RELATED STORIES

Share it
Top