സ്വാമി അഗ്‌നിവേശിനെതിരായ സംഘപരിവാര വധശ്രമം വെപ്രാളം: കെ പി എ മജീദ്‌

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് നേരെ ജാര്‍ഖണ്ഡിലെ പാക്കൂറില്‍ പട്ടാപകല്‍ പരസ്യമായി നടത്തിയ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സ്വാമി അഗിനിവേശിനെതിരായ വധശ്രമം തീര്‍ത്തും ഒറ്റപ്പെട്ടു പോയതിന്റെ വെപ്രാളമാണ് പ്രകടമാക്കുന്നത്.  പൊതു തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉറപ്പായ ബിജെപിയുടെ ഹാലിളക്കമാണ് ആക്രമണം വര്‍ധിപ്പിക്കുന്നത്.
ഹിന്ദുത്വ വികാരം ഇളക്കിവിട്ടും എതിരാളികളെയെല്ലാം കായികമായി നേരിട്ടും ഭീതി വിതച്ചും തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അടുത്തിടെ സ്വാമി അഗ്‌നിവേശ് നടത്തിയ പരാമര്‍ശമാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്. ആദിവാസികളുടെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാക്കൂറില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം  ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ബിജെപി, യുവമോര്‍ച്ച, എബിവിപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ റോഡിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയത്.
വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനുമുള്ള ബിജെപി ശ്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സ്വാമി അഗ്‌നിവേശിനെ പോലും ആക്രമിക്കുന്നവര്‍ അര്‍ത്ഥമാക്കുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പം എല്ലാവര്‍ക്കും ഊഹിക്കാം. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ബിജെപി ഹിന്ദുപാക്കിസ്ഥാനാക്കുമെന്ന ശശി തരൂര്‍ എംപിയുടെ വിമര്‍ശനത്തെ അക്രമം കൊണ്ട് നേരിട്ട് ആരോപണം ശരിവെച്ചവര്‍ സ്വാമി അഗ്‌നിവേശിനെതിരായ കിരാത നടപടിയിലൂടെ അക്കാര്യം അരക്കിട്ടുറപ്പിക്കുകയാണ്.
വിദ്വേഷത്തിന്റെയും ഭിന്നപ്പിന്റെയും രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറി കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ദാസ്യ വേല ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന അക്രമങ്ങളെ അഹിംസയിലും ജനാധിപത്യത്തിലും ഊന്നിയ പ്രതിരോധത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു. ശശി തരൂര്‍ എംപിയുടെ ഓഫീസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top