സ്വാധീനമുണ്ടെങ്കില്‍ ചുരം റോഡില്‍ വാഹനം കടത്തിവിടും

താമരശ്ശേരി: ചുരത്തില്‍ വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ ഇരട്ട നീതി. പ്രതിഷേധം ശക്തം. വയനാടന്‍ ചുരത്തിലൂടെ ടൂറിസ്റ്റ് ബസ്സുകള്‍ കടത്തി വിടുന്നതിലാണ് ഇന്നലെ ഇരട്ട നീതി മറ നീക്കി പുറത്തുവന്നത്. ഉന്നതര്‍ ഇടപെടുമ്പോള്‍ ടൂറിസ്റ്റ് ബസ്സുകള്‍ കടത്തിവിടുകയും സാധാരണക്കാരെ തിരിച്ചയക്കുകയും ചെയ്യുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തി.
ഞായറാഴ്ച രാവിലെ കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും വയാനാട്ടിലേക്ക്് 28 സീറ്റുള്ള ചെറിയ ടൂറിസ്റ്റ് ബസ്സില്‍ വന്നവരെ തടഞ്ഞു തിരിച്ചയിച്ചിരുന്നു. മുഹൂര്‍ത്തം തെറ്റുമെന്ന് കരഞ്ഞുപറഞ്ഞപ്പോള്‍ തങ്ങള്‍ നിസഹായരാണെന്നറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിവാരത്ത് നിന്നും ട്രാവലര്‍ വാന്‍ വിളിച്ച് പോവുകയായിരുന്നു. എന്നാല്‍ ഇന്നലെ വയാനാട്ടിലേക്ക് രണ്ട് ടൂറിസ്റ്റ് ബസ്സുകളില്‍ എത്തിയവരെയും പോലിസ് തടഞ്ഞു. പിന്നീട് ഇവരെ വിട്ടതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് ബസ്സുകള്‍ കടത്തി വിട്ടതെന്നാണ് പോലിസിന്റെ വിശദീകരണം. ചുരം രണ്ടാം വളവിന് താഴെ ചിപ്പിലിത്തോടിന് സമീപം മണ്ണിടിച്ചിലുണ്ടായി റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡിന്റെ മറുവശത്തെ മതില്‍ ഇടിച്ച് റോഡ് വീതി കൂട്ടി ഒരാഴ്ചക്കുശേഷമാണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്.
ചരക്കു ലോറികള്‍ക്കും ടൂറിസ്റ്റ് ബസ്സുകള്‍ക്കുമുള്ള നിരോധനം തുടരുമെന്നും പ്രദേശം സന്ദര്‍ശിച്ച മന്ത്രിമാരും ജില്ലാ കലക്ടറും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉന്നതര്‍ ഇടപെടുന്നതോടെ ടൂറിസ്റ്റ് ബസ്സുകളും കടത്തി വിടാന്‍ പോലിസ് നിര്‍ബന്ധിതരാവുകയാണ്. ചുരം കയറാനെത്തിയ ടൂറിസ്റ്റ് ബസ്സുകള്‍ തിങ്കളാഴ്ച പോലിസ് അടിവാരത്ത് തടഞ്ഞിട്ടെങ്കിലും അല്‍പ്പ സമയത്തിനകം കടത്തി വിട്ടു. ഇതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും ജില്ലാ കലക്ടറുടെ നിര്‍ദേശമുള്ളതിനാല്‍ കടത്തിവിടാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു പോലിസ് മറുപടി നല്‍കിയത്.
അല്‍പ്പ സമയത്തിനകെ ചുരം കയറാനെത്തിയ ടൂറിസ്റ്റ് ബസ്സുകള്‍ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. ചരക്കു ലോറികളുടെ നിയന്ത്രണം കാരണം നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാണെങ്കിലും റോഡിന്റെ സുരക്ഷ കരുതിയാണ് പലരും മൗനം പാലിക്കുന്നത്. എന്നാല്‍ ഇരട്ട നീതി അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബസ് ഒഴികെയുള്ള എല്ലാ വലിയ വാഹനങ്ങളും ചുരത്തില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top