സ്വാതന്ത്ര്യം നിലനില്‍ക്കാന്‍ സഹിഷ്ണുത അനിവാര്യം: എ പി അബ്ദുല്‍ വഹാബ്

കോഴിക്കോട്: രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ വ്യത്യസ്ത വിശ്വാസം പുലര്‍ത്തുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സഹിഷ്ണുത അനിവാര്യമാണെന്ന് ന്യൂനപക്ഷ പിന്നാക്ക ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബ്. നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ്്്്(എന്‍എസ്‌സി) മലബാര്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച്്്് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘മതേതര സംരക്ഷണത്തിന് സ്‌നേഹത്തിന്റെ രാഷ്ട്രീയംഎന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. മോദിഭരണത്തിന്‍ കീഴില്‍ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണ്. നിരവധി ദേശാഭിമാനികള്‍ ജീവത്യാഗം ചെയ്ത് നേടിയെടുത്തതാണ് ജനാധിപത്യ ഭാരതം. ഇവിടെ ഇന്ന്് ആശയ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ആസൂത്രിതമായി നിഷേധിക്കാന്‍ ശ്രമം നടക്കുന്നു. ജനാധിപത്യം നശിച്ചാല്‍ നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടും. ഫാഷിസം ജനമനസ്സുകളില്‍ ഭിന്നിപ്പിന്റെ വിത്തെറിയുമ്പോള്‍ സഹിഷ്ണുതയുടെയും സാഹോദര്യ സ്‌നേഹത്തിന്റെയും പാരമ്പര്യം നാം മുറുകെ പിടിക്കണമെന്നും വഹാബ് പറഞ്ഞു. സെമിനാറില്‍ എന്‍എസ്‌സി മലബാര്‍ മേഖല പ്രസിഡന്റ് ജബ്ബാര്‍ നെന്മാറ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയരക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍, എന്‍എസ്‌സി സംസ്ഥാന ആക്ടിംഗ് ജന. സെക്രട്ടറി ജലീല്‍ പുനലൂര്‍, ഫൈസല്‍ എളേറ്റില്‍, ഒ പി റഷീദ്, വി ഡി ജോസഫ്, ഗഫൂര്‍ കൂടത്തായി വി കെ മുഹമ്മദ് കുട്ടിമോന്‍, നാസര്‍ ചെനക്കലങ്ങാടി സംസാരിച്ചു. ഇന്നലെ വൈകിട്ട് നാലിന് ടൗണ്‍ഹാള്‍ മുറ്റത്ത് എന്‍എസ്‌സി സംസ്ഥാന സെക്രട്ടറി ഒ പി ഐ കോയ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്.

RELATED STORIES

Share it
Top