സ്വവര്‍ഗരതി: കോടതി തീരുമാനിക്കട്ടെയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റകൃത്യമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 ചോദ്യംചെയ്തു നല്‍കിയ ഹരജികളെ എതിര്‍ക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ കോടതി  തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഇന്നലെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത എടുത്തത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന ഹരജികളെ എതിര്‍ക്കുകയോ, പിന്തുണയ്ക്കുകയോ ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.
ഈ വിഷയം കോടതിയുടെ വിവേചനാധികാരത്തിനു വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണു സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍, എല്‍ജിബിടിക്യു വിഭാഗങ്ങളുടെ വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ തുടങ്ങിയ സുവ്യക്തമായ അവകാശങ്ങളെക്കുറിച്ചു തീരുമാനം എടുക്കരുതെന്നും അവ  പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിലപാട് അറിയിക്കാന്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മൃഗങ്ങളുമായി മനുഷ്യന്‍ നടത്തുന്ന ലൈംഗികവേഴ്ച കുറ്റകരമാവുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍, ലൈംഗികവൈകൃതങ്ങള്‍ അല്ല കോടതി പരിഗണിക്കുന്നത്. സ്വവര്‍ഗ പങ്കാളികളെ പോലിസ് അറസ്റ്റ് ചെയ്യാതിരിക്കാനാണു കോടതി ഇടപെടുന്നതെന്നായിരുന്നു ഇതിനു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം.
ഭരണഘടനയുടെ അനുച്ഛേദം 14, 21 പ്രകാരം സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചാണു കോടതി പരിശോധിക്കുന്നത്. അല്ലാതെ, വിവാഹത്തെക്കുറിച്ചല്ല. മൗലീകാവകാശം അനുസരിച്ച് ബന്ധങ്ങള്‍ സംരക്ഷിക്കണം. ഇത്തരം ആളുകള്‍ക്കു സദാചാര പോലിസിന്റെ ഇടപെടല്‍ മൂലമുള്ള കഷ്ടതകള്‍ സഹിക്കാന്‍ ഇടവരരുതെന്നും ചന്ദ്രചൂഡ് പറഞ്ഞു.
സ്വവര്‍ഗാനുരാഗികളുടെ പൗരാവകാശങ്ങളെക്കുറിച്ചു കോടതി പരിശോധിക്കുന്നില്ല. പ്രായപൂര്‍ത്തിയായ സ്വവര്‍ഗപങ്കാളികള്‍ ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കാമോ എന്നാണു പരിശോധിക്കുന്നതെന്നാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയത്.
ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അധികാരമുണ്ടെന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശത്തോടു ചില വിയോജിപ്പുകള്‍ ഉണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാനാവില്ലെന്നും 1955ലെ ഹിന്ദു വിവാഹനിയമം ഉദ്ധരിച്ച് മെഹ്ത പറഞ്ഞു.
എന്നാല്‍ അത്തരം വിവാഹം അസാധുവാണെന്നായിരുന്നു ഇതിനു ചീഫ് ജസ്റ്റിസിന്റെ മറുപടി. ഷെഫിന്‍ ജഹാനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിന്റെ വിധിയില്‍ വ്യക്തത വേണമെന്നും മെഹ്ത ആവശ്യപ്പെട്ടു. കേസില്‍ ഇന്നും വാദം തുടരും.

RELATED STORIES

Share it
Top