സ്വവര്‍ഗരതിക്കെതിരായ നിയമം: ഹാദിയാ കേസ് ഉദ്ധരിച്ച് കോടതിയും ഹരജിക്കാരും സുപ്രിംകോടതിയില്‍ വാദം തുടങ്ങി

ന്യൂഡല്‍ഹി: ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കും ഉണ്ടെന്ന് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച്. പങ്കാളി സ്വന്തം ലിംഗത്തിലുള്ളതോ എതിര്‍ലിംഗത്തിലുള്ളതോ ആവാമെന്നും കോടതി പറഞ്ഞു. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പിന്റെ സാധുത ചോദ്യംചെയ്തു നല്‍കിയ ഹരജികളില്‍ വാദംകേള്‍ക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പ്രായപൂര്‍ത്തിയായ ആള്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അധികാരമുണ്ടെന്ന ഹാദിയാ കേസിലെ വിധിയാണ് ബെഞ്ചിലെ ഡി വൈ ചന്ദ്രചൂഡ് ഉദ്ധരിച്ചത്. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തില്‍പ്പെട്ടതാണെന്ന് ഹാദിയാ കേസില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ജീവിതപങ്കാളി ഏതു ലിംഗത്തില്‍പ്പെട്ട വ്യക്തിയും ആവാമെന്നുമാണ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്. ഹാദിയാ കേസ് ഉത്തരവിലെ ഈ പരാമര്‍ശങ്ങള്‍ ഹരജിക്കാരുടെ അഭിഭാഷകരിലൊരാളായ അമൃതാനന്ദ ചക്രവര്‍ത്തിയും ചൂണ്ടിക്കാട്ടി.
377ാം വകുപ്പിന്റെ ഭരണഘടനാ സാധുത മാത്രമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയല്‍, ദത്തെടുക്കല്‍, നഷ്ടപരിഹാരം എന്നിവയും പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗക്കാരും ഉള്‍പ്പെടെയുള്ള (എല്‍ജിബിടി) ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് 377ാം വകുപ്പെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ രോഹത്ഗി വാദിച്ചു. സമൂഹം മാറുമ്പോ ള്‍ മൊത്തത്തില്‍ മാറ്റമുണ്ടാവുകയാണ്. 160 വര്‍ഷം മുമ്പ് ധാര്‍മികമായിരുന്നത് ഇപ്പോള്‍ അധാര്‍മികമാവാം. 377ാം വകുപ്പ് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഇത് ഭരണഘടനാ ധാര്‍മികതയും വ്യക്തികളും തമ്മിലുള്ള പ്രശ്‌നമാണെന്നും രോഹത്ഗി പറഞ്ഞു. ലിംഗഭേദവും ലൈംഗികതയും വ്യത്യസ്ത പ്രശ്‌നങ്ങളാണ്. ഇവ രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല.
ബ്രിട്ടിഷ് കാലത്ത് രൂപപ്പെടുത്തിയ 377ാം വകുപ്പ് കാലഹരണപ്പെട്ടതാണ്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ക്കുറ്റമാക്കിയതുമൂലം ലൈംഗിക ന്യൂനപക്ഷങ്ങളോട് പൊതുസമൂഹം അവജ്ഞയോടെയാണ് പെരുമാറുന്നത്. ഇത് ഈ വിഭാഗത്തിന്റെ അന്തസ്സിനെ ഹനിക്കുന്നതാണ്. ആളുകളുടെ മാനസികാവസ്ഥയും സാമൂഹിക ചുറ്റുപാടുമെല്ലാം മാറിക്കഴിെഞ്ഞന്നും രോഹത്ഗി പറഞ്ഞു. പലവ്യക്തികള്‍ക്കും ഭിന്നമായ ലൈംഗിക താല്‍പര്യങ്ങളായിരിക്കും ഉണ്ടാവുക. അവ ഉഭയസമ്മതത്തോടെ നടത്തുന്നതിനെ വിലക്കുന്നത് പ്രകൃതിവിരുദ്ധമാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. കേസില്‍ ഇന്നും വാദം തുടരും.

RELATED STORIES

Share it
Top