സ്വര്‍ണ തീരത്ത് തലയുയര്‍ത്തി ഇന്ത്യഗോള്‍ഡ്‌കോസ്റ്റ്: ആസ്‌ത്രേലിയ ആതിഥേയത്വം വഹിച്ച 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങുമ്പോള്‍ അഭിമാന നേട്ടം കൊയ്ത് ഇന്ത്യ. ബാഡ്മിന്റണിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലുമെല്ലാം ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യ തലയുയര്‍ത്തി തന്നെയാണ് ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് വണ്ടികയറുന്നത്. ഗെയിംസില്‍ 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവുമുള്‍പ്പെടെ 66 മെഡലുകള്‍ അക്കൗണ്ടിലാക്കിയ ഇന്ത്യ ആസ്‌ത്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിലായി മൂന്നാം സ്ഥാനവും സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച മൂന്നാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസാണ് ഗോള്‍്ഡ് കോസ്റ്റില്‍ സമാപിച്ചത്.  2010ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഗെയിംസില്‍ 101 മെഡല്‍ വെട്ടിപ്പിടിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 2002 മാഞ്ചസ്റ്ററില്‍ നടന്ന  ഗെയിംസില്‍ 69 മെഡലും ഇന്ത്യ നേടിയിട്ടുണ്ട്.ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് ഷൂട്ടിങിലാണ്. ഏഴ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും സഹിതം 16 മെഡലുകളാണ് ഇന്ത്യ വെടിവച്ചിട്ടത്. ഗുസ്തിയില്‍ 12, ഭാരോദ്വഹനത്തില്‍ ഒമ്പത്, ബോക്‌സിങ്ങ് റിങ്ങില്‍ ഒമ്പത്, ടേബിള്‍ ടെന്നീസില്‍ എട്ട്, ബാഡ്മിന്റണില്‍ ആറ്, അത്‌ലറ്റിക്‌സില്‍ മൂന്ന്, സ്‌ക്വാഷില്‍ രണ്ട്, പവര്‍ലിഫ്റ്റിങ്ങില്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. സ്വര്‍ണ നേട്ടത്തില്‍ കഴിഞ്ഞ ഗ്ലാസ്‌കോ ഗെയിംസിനെക്കാള്‍ 11 സ്വര്‍ണം ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ കൂടുതല്‍ സ്വന്തമാക്കി. ഗ്ലാസ്‌കോയില്‍ 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവും സഹിതം 64 മെഡലോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. വ്യക്തിഗത പ്രകടനം വിലയിരുത്തുമ്പോള്‍ ടേബിള്‍ ടെന്നിസിലെ സ്വര്‍ണ നേട്ടമടക്കം നാല് മെഡലുകള്‍ നേടിയ മാണിക ഭദ്രയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയത്. ആതിഥേയ രാജ്യമായ ആസ്‌ത്രേലിയ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കിരീടം നേടിയത്. 80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവുമായി 198 മെഡലുകളാണ് ആസ്‌ത്രേലിയ ഇത്തവണ വാരിക്കൂട്ടിയത്. 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലുമായി 136 പോയിന്റുകളോടെയാണ് ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തിയത്. 15 സ്വര്‍ണവും 40 വെള്ളിയും 27 വെങ്കലവും സഹിതം 82 മെഡലുകള്‍ നേടിയ കാനഡയാണ് നാലാം സ്ഥാനത്ത്.

പൊന്നണിഞ്ഞ് സൈന
ഇന്ത്യന്‍ താരങ്ങള്‍ മുഖാമുഖം വന്ന വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നിലവിലെ മൂന്നാം നമ്പര്‍ താരം പിവി സിന്ധുവിനെ വീഴ്ത്തി മുന്‍ ലോക ഒന്നാം നമ്പറുകാരിയായ സൈന നെഹ്‌വാള്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേത്രി പിവി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്അടിയറവ് പറയിച്ചാണ് സൈനയുടെ സുവര്‍ണനേട്ടം. സ്‌കോര്‍: 21-18, 23-21.കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമിയില്‍ തന്നെ പരാജയപ്പെടുത്തിയ കാനഡയുടെ മൈക്കല ലിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശനം ആഘോഷമാക്കിയത് .സ്‌കോര്‍: 21-18,21-8. അതേസമയം സ്‌കോട്‌ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മൗറിനെ 21-14, 18-21, 21-17 എന്ന പോയിന്റിന് തകര്‍ത്താണ് സൈന ഫൈനലില്‍ സീറ്റുറപ്പിച്ചത്. ആദ്യ സെറ്റ് അനായാസം മുന്നേറിയ സൈന രണ്ടാം സെറ്റില്‍ സ്‌കോട്ടിഷ് താരത്തിന്റെ വന്‍ തിരിച്ചു വരവിന് മുന്നില്‍ പതറി. എന്നാല്‍ മൂന്നാം സെറ്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പ്രകടനം പുറത്തെടുത്ത സൈന ആവേശകരമായ മൂന്നാം സെറ്റ് 21-17ന് സ്വന്തമാക്കി ഫൈനലിലേക്ക ടിക്കറ്റുറപ്പിക്കുകയായിരുന്നു.

ശ്രീകാന്തിന് വെള്ളിക്കിലുക്കം

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ നിലവിലെ ഒന്നാം നമ്പര്‍ താരമായ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഫൈനലില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. ലോക ഏഴാം നമ്പര്‍ താരം മലേസ്യയുടെ ലീ ചോങ് വേയോടാണ് ശ്രീകാന്ത് അടിയറവ് പറഞ്ഞത്. മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ ആവേശം വിതറിയ ആദ്യ സെറ്റ് ശ്രീകാന്താണ് നേടിയതെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റും അനായാസം സ്വന്തമാക്കി ലീ ചോങ് വേ സ്വര്‍ണം അണിയുകയായിരുന്നു. സ്‌കോര്‍: 21-19, 14 -21, 14-21. നേരത്തേ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ എച്ച് എസ്സ് പ്രണോയെ മുട്ടുകുത്തിച്ചാണ് ലീചോങ് വെ ഫൈനലിലേക്ക് മുന്നേറിയത്.

RELATED STORIES

Share it
Top