സ്വര്‍ണത്തിന് തിളക്കം വര്‍ധിപ്പിക്കാനെന്ന പേരില്‍ തട്ടിപ്പ്; ബിഹാര്‍ സ്വദേശി പിടിയില്‍

പാനൂര്‍: സ്വര്‍ണാഭരണങ്ങള്‍ക്ക് തിളക്കം വര്‍ധിപ്പിക്കാനെന്ന വ്യാജേന തട്ടിപ്പ് നടത്തവെ ബിഹാര്‍ സ്വദേശി പിടിയില്‍. ഇന്നലെ രാവിലെ കടവത്തൂരിലാണ് സംഭവം. ആഭരണങ്ങള്‍ക്ക് തിളക്കം കൂട്ടാമെന്നു പറഞ്ഞാണ് യുവാവ് പ്രദേശത്തെ വീട്ടിലെത്തിയത്. വീട്ടമ്മ നല്‍കിയ പഴയ വെള്ളിയുടെ പാദസരം ഇയാള്‍ തിളക്കംകൂട്ടി നല്‍കി. ഇതില്‍ വശംവദയായ വീട്ടമ്മ ഉടനെ സ്വര്‍ണമാല കൈമാറി. യുവാവ് ആഭരണം ലായനിയില്‍ മുക്കി ചൂടാക്കുകയും പൊടി ഉപയോഗിച്ച് തുടക്കുകയും ചെയ്തു.  നിറംവച്ച ആഭരണം തിരിച്ചുനല്‍കി. പിന്നീട് തൂക്കത്തില്‍ കുറവ് തോന്നിയ വീട്ടമ്മ ബഹളംവച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ബിഹാര്‍ സ്വദേശിയെ പിടികൂടി. ജ്വല്ലറിയിലെത്തിച്ച് ആഭരണം തൂക്കിയപ്പോള്‍ ഒരു പവനു മുകളില്‍ കുറവ് അനുഭവപ്പെട്ടു. പോലിസില്‍ ഏല്‍പ്പിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ യുവാവ് ബന്ധുക്കളെ വിളിച്ചുവരുത്തി. അവരാണ് നഷ്ടപ്പെട്ട തൂക്കത്തിന്റെ തുക ബാങ്ക് മുഖേന കൈമാറിയത്.

RELATED STORIES

Share it
Top