സ്വയംഭരണ പ്രദേശം: മോറോകളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു

മനില: ഫിലിപ്പീന്‍സിലെ ന്യൂനപക്ഷമായ മോറോ മുസ്‌ലിംകളുടെ സ്വയംഭരണ പ്രദേശമെന്ന സ്വപ്‌നം പൂവണിയുന്നു. മോറൊ മുസ്‌ലിംകള്‍ക്കായി ബങ്‌സാമോറോ എന്ന സ്വയം ഭരണപ്രദേശം അനുവദിക്കുന്നതിനുള്ള  ബില്ല് കോണ്‍ഗ്രസ് പ്രസിഡന്റ് ദുതര്‍ട്ടെയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
നിയമത്തിന്് ഇന്നു പ്രസിഡന്റ് അംഗീകാരം നല്‍കുമെന്നാ—ണു പ്രതീക്ഷിക്കുന്നത്. ബില്ലില്‍ ദുതര്‍ട്ടെ ഒപ്പു വച്ചാല്‍ രാജ്യത്തിന്റെ തെക്കന്‍ ദ്വീപായ മിന്‍ഡനാവോയില്‍ ബങ്‌സാമോറോ സ്വയംഭരണ പ്രദേശം നിലവില്‍വരും. ഇതോടെ അഞ്ചു പതിറ്റാണ്ടു നീണ്ട സംഘര്‍ഷത്തിനാണ് അറുതിയാവുക. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ ബില്ലില്‍ ഇന്നു പ്രിസിഡന്റ് ഒപ്പു വച്ചാലും ഈ വര്‍ഷം അവസാനം നടക്കുന്ന ജനഹിത പരിശോധനയില്‍ പിന്തുണ ലഭിച്ചാലേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. ബില്ല് പാസാവുകയാണെങ്കില്‍ ബങ്്‌സാമോറോ സര്‍ക്കാരിന് അവരുടേതായ പാര്‍ലമെന്റ് രൂപീകരിക്കാനും നികുതിയുടെ സിംഹഭാഗവും തിരിച്ചുപിടിക്കാനും പ്രദേശത്തെ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാനും അവകാശമുണ്ടാവും.
കേന്ദ്രത്തില്‍ നിന്നുള്ള സഹായവിഹിതവും ലഭിക്കും. മേഖലയിലെ നിയമവ്യവസ്ഥയില്‍ ഇസ്‌ലാമിക് നിയമങ്ങളും ഉള്‍പ്പെടുത്തും. സ്വയംഭരണാധികാരത്തിന് പകരമായി മോ റോ ഇസ്്‌ലാമിക് ലിബറേഷന്‍ ഫ്രണ്ടി (എംഐഎല്‍എഫ്)ന്റെ ശക്തമായ സൈനിക ഘടകത്തെ പിരിച്ചുവിടാനും ധാരണയുണ്ട്്. ഫിലിപ്പീന്‍സ് സര്‍ക്കാരും എംഐഎല്‍എഫും തമ്മില്‍ 22 വര്‍ഷങ്ങളോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്ല് രൂപംകൊണ്ടത്. 2014ല്‍ എംഐഎല്‍എഫുമായി സര്‍ക്കാര്‍ സമാധാന ധാരണയിലെത്തിയിരുന്നു.
ബങ്‌സാ മോറോ സ്വയംഭരണ പ്രദേശം രൂപീകരിക്കുമെന്ന് 2016ല്‍ അധികാരമേറ്റ ഉടന്‍ ദുതര്‍ട്ടെ വാഗ്ദാനം നല്‍കിയിരുന്നു.

RELATED STORIES

Share it
Top