സ്വയംപ്രഖ്യാപിത സംരക്ഷകര്‍ തകര്‍ക്കുന്ന ആദിവാസി ജീവിതങ്ങള്‍അട്ടപ്പാടി മാര്‍ച്ച് 11. വൈകുന്നേരം 5.00. മുഖത്തും വായിലും രക്തമൊലിച്ച നിലയില്‍ ഒരു ആദിവാസി യുവാവ് റോഡരികില്‍ കിടക്കുന്നതു കണ്ടാണ് ഞങ്ങള്‍ ബൈക്ക് നിര്‍ത്തിയത്. ക്രൂരമായ മര്‍ദനം താങ്ങാനാവാതെ വസ്ത്രത്തില്‍ മൂത്രമൊഴിച്ചതുപോലും അയാള്‍ അറിഞ്ഞിരുന്നില്ല. കാലിലും കൈയിലുമെല്ലാം മര്‍ദനമേറ്റ് രക്തമൊലിക്കുന്നു. തിരക്കേറിയ അഗളി ടൗണിലായിട്ടും ആരും അടുത്തുവരുന്നില്ല. സമീപത്തെ കടകളിലുള്ളവരും വാഹനങ്ങളില്‍ പോവുന്നവരും സംഭവം നിരീക്ഷിക്കുന്നുണ്ട്.
അടുത്തുചെന്ന് തട്ടിവിളിച്ചപ്പോള്‍ അയാള്‍ കണ്ണുതുറന്നു. ഒരു ഓട്ടോ വിളിച്ച് വീട്ടിലെത്തിക്കുമോ എന്ന് അപേക്ഷിച്ച് അയാള്‍ കരയാന്‍ തുടങ്ങി. ഞങ്ങള്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതു കണ്ട് തൊട്ടടുത്തു തന്നെ നിര്‍ത്തിയിട്ട ബസ്സില്‍ നിന്ന് ഒരാള്‍ ഇറങ്ങിവന്നു. ബസ്സില്‍ നിന്ന് ഒരാള്‍ വലിച്ചിറക്കി മര്‍ദിച്ചതാണെന്നു പറഞ്ഞു. നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ടിട്ടും ഒരാളും തടയാനെത്തിയില്ല.
ഞങ്ങള്‍ സംസാരിക്കുന്നതു കണ്ട് അയാളുടെ പരിചയക്കാരായ രണ്ടുപേര്‍ അവിടെയെത്തി. അയാളെ ആശുപത്രിയിലാക്കാന്‍ നിര്‍ദേശിച്ച ഞങ്ങള്‍ തൊട്ടടുത്തുള്ള അഗളി പോലിസ് സ്‌റ്റേഷനില്‍ ചെന്നു വിവരം പറഞ്ഞു. സ്‌റ്റേഷന്റെ തൊട്ടടുത്തായിട്ടും സംഭവം ഒന്ന് അന്വേഷിക്കാന്‍പോലും പോലിസ് തയ്യാറായില്ല. സ്‌റ്റേഷനില്‍ വാഹനമില്ലെന്നു പറഞ്ഞാണ് കൃത്യനിര്‍വഹണത്തില്‍ നിന്ന് പോലിസ് ഒഴിഞ്ഞുമാറിയത്. ആ സമയം സിഐയുടെ ജീപ്പ് സ്‌റ്റേഷന്റെ മുറ്റത്തു തന്നെ കിടക്കുന്നുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് പോലിസ് സംസാരിച്ചത്. പ്രതികളോടെന്ന പോലെ ഞങ്ങളുടെ പേരും വിലാസവും ചോദിച്ചറിയുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരാണെന്നു മനസ്സിലായതോടെ പോവാനനുവദിച്ചു.
അതിനിടെ ആദിവാസി യുവാവിനെ തേടി ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയിരുന്നു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച അവര്‍ പിന്നീടുള്ള കാര്യങ്ങളും സ്വയം ഏറ്റെടുത്തു. സംഭവം കേസാക്കാതെ ഒതുക്കിത്തീര്‍ത്ത് അവരും സ്ഥലംവിട്ടു.
മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം നിഷ്ഠുരമായി അടിച്ചുകൊലപ്പെടുത്തിയതിന്റെ കൃത്യം 17ാം ദിവസമാണ് ഇതു സംഭവിക്കുന്നതെന്ന് ഓര്‍ക്കണം. അതും അട്ടപ്പാടിയില്‍. പൊതുസമൂഹത്തിനും ഭരണസംവിധാനങ്ങള്‍ക്കും ആദിവാസികളോടും ദലിതുകളോടുമുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഒരു ജനവിഭാഗത്തിന്റെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുത്ത് അവരെ അവകാശബോധമില്ലാത്തവരാക്കി ഷണ്ഡീകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണം. സ്വയംസംഘടിതരല്ലാത്ത ഗോത്രസമൂഹത്തെ ചൂഷണോപാധി മാത്രമാക്കിയതിന്റെ പരിണിത ഫലം. ഒരു മനുഷ്യനെ പൊതുജനമധ്യത്തില്‍ ക്രൂരമായി മര്‍ദിച്ചിട്ടും ഒരു പരാതിപോലും ഇല്ലാതെ സംഭവം ഒതുക്കിത്തീര്‍ത്തു.
ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മോഷ്ടാവാണെന്നാരോപിച്ച് ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്. സാമൂഹികമാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ആഘോഷിച്ച സംഭവം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാര്‍ത്തയില്‍ നിന്നു മറഞ്ഞു. വനംവകുപ്പ് അധികൃതര്‍ക്കെതിരേയും പോലിസിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആ നിലയ്‌ക്കൊന്നും അന്വേഷണം നീങ്ങിയില്ല. മധുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ചിലര്‍ ആരോപണം ഉന്നയിച്ചു. മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊണ്ടുവരുമ്പോള്‍ ഫോറസ്റ്റ് ജീപ്പ് മുന്നിലുണ്ടായിരുന്നെന്ന് മധുവിന്റെ ബന്ധുക്കള്‍ തന്നെ പറഞ്ഞിരുന്നു. ഭവാനി റേഞ്ചിലെ തുടുക്കി ഫോറസ്റ്റ് സ്‌റ്റേഷനു മുന്നിലൂടെയാണ് മധുവിനെ ആള്‍ക്കൂട്ടം നടത്തിക്കൊണ്ടു വന്നത്. എന്നാല്‍, സ്‌റ്റേഷനിലെ സിസിടിവി കാമറയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം നടന്ന ദിവസം കാമറ പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു ഫോറസ്റ്റ് അധികൃതരുടെ വിശദീകരണം.
ജനകീയ സമരങ്ങളും മാധ്യമ ഇടപെടലും കാരണം സംഭവത്തില്‍ 16 പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. അതോടൊപ്പം തന്നെ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും പുറത്ത് തകൃതിയായി. മധു പൊതുശല്യമായിരുന്നു, കൊല്ലാന്‍ വേണ്ടി തല്ലിയതല്ല, പ്രതികളില്‍ പാവങ്ങളും ദരിദ്രരുമുണ്ട്, സെല്‍ഫിയെടുത്തവന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍പോലുമായിരുന്നു, മധു മാവോവാദികള്‍ക്കു വേണ്ടിയാണ് അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചത് തുടങ്ങി പല നിലകളില്‍ പ്രചാരണം തകൃതിയായി. മനോരോഗിയായ മധുവിനെ മാവോവാദികളുടെ സഹായിയായി പോലും ചിത്രീകരിച്ചു. ആടിനെ പട്ടിയാക്കുക, തല്ലിക്കൊല്ലുക എന്നതില്‍നിന്നു മാറി തല്ലിക്കൊന്നതിനു ശേഷം ആടിനെ പട്ടിയാക്കുക എന്ന പുതിയ പരീക്ഷണമാണ് അട്ടപ്പാടിയില്‍ നടന്നത്. ഇതേക്കുറിച്ച് നാളെ.

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top