സ്വബോധം ഊറ്റിയെടുത്ത് ലഹരി; അവനു മുമ്പില്‍ അമ്മയും പെങ്ങളുമില്ല-2

ഷിനില   മാത്തോട്ടത്തില്‍

വീട്ടിനകത്തു നിന്നും ഒരു ബഹളവും അടിപിടിയുമൊക്കെ പുറത്തേക്ക് കേള്‍ക്കുന്നു. ചുറ്റുപാടുമുള്ളവര്‍ ഒന്നു കാതോ ര്‍ത്തപ്പോള്‍ അമ്മയെ കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് മകന്‍ ചീത്തവിളിക്കുകയാണ്. നിന്റെ പെങ്ങളുടെ ജീവിതംകൂടെ നീ നശിപ്പിക്കരുതെന്ന് അമ്മ നിലവിളിച്ചുകൊണ്ട് യാചിക്കുന്നതും കേള്‍ക്കാം. വീടിന്റെ തിണ്ണയില്‍ നാലഞ്ചു ചെറുപ്പക്കാര്‍ ഇരിക്കുന്നു. 15നും 19നും ഇടയില്‍ പ്രായമുള്ളവര്‍. ഈ ബഹളമൊക്കെ കേട്ടിട്ടും അവര്‍ക്കാര്‍ക്കും ഒരനക്കവുമില്ല. സ്വബോധമില്ലാത്തതുപോലെ അവര്‍ അവിടെ ഇരിക്കുന്നു. ബഹളത്തിന്റെ കാര്യം പിന്നീടാണ് വ്യക്തമായത്. കഞ്ചാവു വാങ്ങാന്‍ പണം ചോദിച്ചിട്ട് അമ്മ കൊടുത്തില്ലത്രേ.. മാത്രവുമല്ല, നിന്റെ കൂട്ടുകാര്‍ നിന്റെ പെങ്ങളോട് മോശമായി പെരുമാറുന്നു, മേലാല്‍ അവരെ ഈ വീട്ടിലേക്ക് കയറ്റിപ്പോവരുതെന്നും അമ്മ താക്കീത് നല്‍കുകയും ചെയ്തതോടെയാണ് ബഹളം തുടങ്ങിയത്. ചീത്തവിളി പിന്നീട് കൈയാങ്കളിയിലെത്തി. മകന്‍ വീടിനുള്ളിലെ സകല സാധനങ്ങളും തിരഞ്ഞുപിടിച്ച് വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ചട്ടിയും കലവും പാത്രങ്ങളുമടക്കം എറിഞ്ഞുടച്ച മകന്‍ അതുകൊണ്ടും കലിയടങ്ങാതെ വീടിന്റെ വാതിലുകളും തകര്‍ത്തെറിഞ്ഞു. പ്രായപൂര്‍ത്തിയായ തന്റെ പെങ്ങള്‍ക്ക് അല്‍പമെങ്കിലും സുരക്ഷയേകാന്‍ ആ വീടിന്റെ വാതിലെങ്കിലും ബാക്കിവയ്ക്കണമെന്ന ബോധവും ലഹരി അതിനകം തന്നെ അവനില്‍ നിന്നും ഊറ്റിയെടുത്തിരുന്നു. കോഴിക്കോട് ബാലുശ്ശേരിയിലെ ഒരു വീട്ടില്‍ അല്‍പ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സംഭവമാണിത്. എവിടെനിന്നാണ് മകന്‍ ലഹരി ഉപയോഗം തുടങ്ങിയതെന്ന് ഈ മാതാവിനറിയില്ല. മയക്കുമരുന്നുപയോഗം മനസ്സിനെയും ശരീരത്തെയും ഏതെല്ലാം വിധത്തില്‍ തളര്‍ത്തുമെന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്കു വ്യക്തമായ ബോധ്യം ഉണ്ടായിരുന്നെങ്കില്‍, മകന്‍ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അവനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്താമായിരുന്നു. ഇവിടെ അതുണ്ടായില്ല.  പിന്നീട് ആ വീട്ടില്‍ എന്തു സംഭവിച്ചു എന്നറിയില്ല. കുറച്ചുകാലം മുമ്പുവരെ മുതിര്‍ന്നവരും മധ്യവയസ്‌കരുമൊക്കെയാണ് മയക്കുമരുന്നും കഞ്ചാവും വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ വിദ്യാര്‍ഥികളെയാണ്  മാഫിയകള്‍ പിടിമുറുക്കിയിരിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ പത്തിരട്ടി വേഗത്തില്‍ കൗമാരക്കാര്‍ ലഹരി ശീലമാക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എളുപ്പത്തില്‍ സ്വാധീനിക്കാവുന്ന വിദ്യാര്‍ഥികളെ മയക്കുമരുന്നു കെണിയില്‍ പെടുത്തുന്നതോടെ വലിയൊരു മാര്‍ക്കറ്റിങ് സാധ്യത അവിടെ തുടങ്ങുകയായി. മയക്കുമരുന്നിന്റെ മായാവലയത്തില്‍ പെട്ട് ജീവിതാന്ത്യം വരെ അവര്‍ അതിന്റെ പുറകെ വന്നോളുമെന്ന് ഇത്തരം മാഫിയകള്‍ക്ക് വ്യക്തമായറിയാം. കോട്ടയത്ത് മയക്കുമരുന്ന് ഉപയോഗംകൊണ്ട് മാനസികവിഭ്രാന്തിയിലായ മകന്‍ അമ്മയെ ബലാല്‍സംഗം ചെയ്തതും അവസാനം അമ്മ തന്നെ മകനെ കഴുത്തറുത്തു കൊന്നതും അടുത്തിടെയാണ്. കാമമല്ല, മറിച്ച് മയക്കുമരുന്നാണ് മകനെ അമ്മയെന്നതു വെറുമൊരു ലൈംഗിക ഉപകരണമായി കാണുന്നതിന് പ്രേരിപ്പിച്ചത്. നാട്ടുകാര്‍ തല്ലിക്കൊല്ലുന്നത് കാണാന്‍ കെല്‍പില്ലാത്തതിനാലാണു താന്‍തന്നെ കൊന്നതെന്ന് മാതാവ് പോലിസിനോട് പറഞ്ഞു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഓരോ വിദ്യാര്‍ഥിയെയും ലക്ഷ്യം വയ്ക്കും മുമ്പ് അവരുടെ കുടുംബപശ്ചാത്തലവും മാനസികനിലയുമെല്ലാം മാഫിയകള്‍ വ്യക്തമായി അന്വേഷിക്കും. പെട്ടെന്ന് സ്വാധീനിക്കാന്‍ സാധിക്കുന്നവരെ വരുതിയിലാക്കുകയും അവരെ ഉപയോഗിച്ച് തുടര്‍ന്നുള്ള വിതരണം സാധ്യമാക്കുകയും ചെയ്യുന്നു. ഓണ്‍ലൈനായും ലഹരി വില്‍പന വലിയ തോതില്‍ നടക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ കുന്നിന്‍പുറം ഐക്യനഗര്‍ മേഖലയില്‍ ദിവസങ്ങള്‍ക്കു മുമ്പ് രണ്ടുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ടാണെന്നാണ് നിഗമനം. മാസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട് ജില്ലയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ഒരു കൊലപാതകം നടന്നത്. ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി ജനസ്വാധീനമില്ലാത്ത കേന്ദ്രങ്ങള്‍ വരെ മയക്കുമരുന്നു മാഫിയകളുടെ പിടിയിലാണെന്ന വസ്തുത ഈ കൊലപാതകത്തിന്റെ കാരണവും മറ്റൊന്നല്ല എന്ന് വ്യക്തമാക്കുന്നു.  (നാളെ: എണ്ണിയാലൊടുങ്ങാത്ത മയക്കുമരുന്നുകള്‍)

RELATED STORIES

Share it
Top