സ്വന്തമായി ഡാറ്റാ സെന്റര്‍ ; മാതൃകയായി എംജി സര്‍വകലാശാലകോട്ടയം: വിജ്ഞാനവിനിമയരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് ഡേറ്റാസെന്റര്‍ സ്ഥാപിച്ചതിലൂടെ എംജി കേരളത്തിലെ മറ്റ് സര്‍വകലാശാലകള്‍ക്ക് മാതൃകയാവുന്നു. മറ്റു സര്‍വകലാശാലകള്‍ സര്‍ക്കാര്‍ ഡേറ്റാസെന്ററിനെ ആശ്രയിക്കുമ്പോഴാണ് എംജി സ്വന്തമായി ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഡേറ്റാസെന്റര്‍ ഭാവിയില്‍ സര്‍വകലാശാലയുടെ കംപ്യൂട്ടറധിഷ്ഠിത വിജ്ഞാനപ്രസരണത്തിന് അടിത്തറയാവുമെന്ന് വൈസ് ചാന്‍സലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. കാംപസ് നെറ്റ്‌വര്‍ക്ക് സംവിധാനംവഴി സര്‍വകലാശാലയിലും ലോകത്തെവിടെയുമുള്ള വിജ്ഞാനസമ്പത്തിന്റെ അതിവേഗവിനിമയം അഫിലിയേറ്റഡ് കോളജുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമാണ് എംജി. പരീക്ഷ, ചോദ്യപേപ്പര്‍ തുടങ്ങിയ രംഗത്തും സുരക്ഷിതമായ ഡേറ്റാ കൈമാറ്റം ഇതുവഴി സാധ്യമാവുമെന്നാണ് വിലയിരുത്തല്‍. സര്‍വകലാശാലാ വെബ്‌സൈറ്റും ഓണ്‍ലൈന്‍ സേവനങ്ങളും കാര്യക്ഷമമായും വേഗതയിലും പ്രവര്‍ത്തിക്കും. യൂജിസി, ഇന്‍ഫഌബ്‌നെറ്റ്, ദേശീയ വിജ്ഞാന ശൃംഖല (എന്‍കെഎന്‍) തുടങ്ങിയവയുടെ ഇ-ബുക്കുകള്‍, ജേര്‍ണലുകള്‍, ഗവേഷണപ്രബന്ധസമാഹാരങ്ങള്‍ എന്നിവയും സര്‍വകലാശാലയില്‍ ഇലക്ട്രോണിക് രൂപത്തില്‍ സംഭരിച്ച വിജ്ഞാനവും അതിവേഗം കോളജുകളുമായി പങ്കുവയ്ക്കുന്നതിന് സാധിക്കും. സര്‍വകലാശാല ഡേറ്റാസെന്റര്‍ അഫിലിയേറ്റഡ് കോളജുകളുമായി അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല വഴി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ വിവരവിനിമയം സാധ്യമാവുന്നത്. സര്‍വകലാശാലയിലെ അക്കാദമിക സെമിനാറുകളിലും പ്രഭാഷണങ്ങളിലും സമ്മേളനങ്ങളിലും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോളജുകള്‍ക്കും പങ്കെടുക്കാനാവും.  ഉന്നത സാങ്കേതികമിഡേറ്റാസെന്റര്‍, കാംപസ് നെറ്റ്‌വര്‍ക്ക് വിപുലീകരണം എന്നിവയിലൂടെ സര്‍വകലാശാല ഒരു വിജ്ഞാന, ഉല്‍പ്പാദന, സംഭരണ, വിതരണ ഹബ് ആയി പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂണില്‍ നടക്കുമെന്നും വിസി അറിയിച്ചു.

RELATED STORIES

Share it
Top