സ്വന്തം കാര്യം മറന്ന് നാട്ടിലെ പ്രശ്‌നങ്ങളില്‍ ഓടിയെത്താന്‍ ഇനി നസീറില്ല

എസ്    മാത്യു   പുന്നപ്ര

അമ്പലപ്പുഴ: സ്വന്തം കാര്യം മറന്ന് നാട്ടിലെ പ്രശ്‌നങ്ങളില്‍ ഓടിയെത്താന്‍ ഇനി നസീറില്ല.പുന്നപ്ര തെക്കുഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡംഗവും തേജസ് ദിനപത്രം ഏജന്റും എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗവുമായ നസീര്‍ പള്ളിവെളി(32)ന്റെ ദാരുണാന്ത്യമാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയത്. പൊതു പ്രവര്‍ത്തനത്തില്‍ വലിയ പാരമ്പര്യമില്ലെങ്കിലും സര്‍വരും മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു ഈ യുവാവ്.
അതു കൊണ്ട് തന്നെയാണ് കന്നി മല്‍സരത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം പിന്‍തള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാനായത്. ചെറുപ്പത്തിലേ ജീവിതഭാരം തലയിലേറ്റേണ്ടി വന്ന നസീര്‍ ചെയ്യാത്ത ജോലികളൊന്നുമില്ല. ഗ്രാമപ്പഞ്ചായത്തംഗമായതിനു ശേഷവും പ്രധാന തൊഴിലായ മരംവെട്ട് ഉപേക്ഷിക്കാന്‍ തയ്യാറായില്ല.
ജോലി ചെയ്താല്‍ കണക്കു പറഞ്ഞ് കൂലി മേടിക്കുന്ന സ്വഭാവവുമില്ലായിരുന്നു. നിര്‍ധന കുടുംബങ്ങളിലാണ് മരം വെട്ടാന്‍ ചെല്ലുന്നതെങ്കില്‍ അവര്‍ കൊടുക്കുന്ന ആഹാരം മാത്രം കഴിച്ച് പണം വാങ്ങാതെ സ്ഥലം വിടും. ഒരു പക്ഷെ കേരളത്തില്‍ തന്നെ മരം വെട്ടുതൊഴിലാക്കിയ ഒരു പഞ്ചായത്തംഗം നസീര്‍ മാത്രമായിരിക്കും. റോഡപകടങ്ങളുണ്ടായാലും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ എല്ലാ തിരക്കും ഉപേക്ഷിച്ച് മുമ്പന്തിയിലുണ്ടാകും.
കഴിഞ്ഞ ദിവസം പുന്നപ്രയില്‍ എക്‌സൈസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയുടെ അധ്യക്ഷന്‍ നസീറായിരുന്നു. വലിയ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ലഹരിക്കെതിരെ നസീര്‍ നടത്തിയ ചെറിയ പ്രസംഗം ഏറെ കയ്യടി നേടിയിരുന്നു. ഇന്നലെ രാവിലെ വാര്‍ഡിലെ വൈദ്യുതപോസ്റ്റുമാറുന്നതിന് വൈദ്യുതി വകുപ്പു ജീവനക്കാരെ വിളിച്ചു കൊണ്ടുവന്ന് എല്ലാ സഹായവും ചെയ്തതിനു ശേഷമാണ് കരുവാറ്റയില്‍ മരം വെട്ടുന്നതിനായി പോയത്. ആ യാത്ര അന്ത്യയാത്രയായതോടെ ഭാര്യ സുമയ്യക്കൊപ്പം നാടിനും തേങ്ങല്‍ സമ്മാനിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top