സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു: സിപിഎം

തൃശൂര്‍: വടയമ്പാടി സമരത്തി ല്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളും മാവോവാദി സംഘടനകളും സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സമ്മേളനം.
സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ടുപോവുന്നതിനും മൂലധന ശക്തികള്‍ക്കും തീ്രവ വര്‍ഗീയ അജണ്ടകള്‍ക്ക് എതിരേയും ഉയരേണ്ട പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നതെന്നും സമ്മേളന പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങളെ തുറന്നുകാണിക്കാനും പ്രതിരോധിക്കാനും കഴിയേണ്ടതുണ്ടെന്നും സമ്മേളന പ്രമേയത്തില്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ വടയമ്പാടിയില്‍ പൊതുയിടം കൈയേറിയ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനു ശക്തമായ നിലപാട് സ്വീകരിക്കുകയാണു സിപിഎം ചെയ്തതെന്നു പ്രമേയത്തില്‍ പറയുന്നു.
അവിടെയുണ്ടായിരുന്ന പൊതു മൈതാനം പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ സിപിഎമ്മിനെ ഒറ്റപ്പെടുത്താനും ദലിത് വിരുദ്ധരെന്നു പ്രചരിപ്പിക്കാനുമുള്ള പദ്ധതികളാണു വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, മാവോവാദികള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ നെക്‌സൈലറ്റുകളും രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും ആവിഷ്‌കരിച്ചിരിക്കുന്നത്. ഇടതുപക്ഷ മനസ്സുള്ള കേരളത്തില്‍ ഇടതുപക്ഷത്ത് എന്നു തോന്നിച്ചു കൊണ്ടു വിമര്‍ശനങ്ങള്‍ നടത്തി സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്.
സാമൂഹികമായ അടിച്ചമര്‍ത്തലിനും സാമ്പത്തികമായ ചൂഷണത്തിനുമെതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനും ദലിത് ജീവിത നിലവാരം ഉയര്‍ത്താനുമുള്ള നടപടികളില്‍ ജനങ്ങളാകെ ഒന്നിച്ച് അണിനിരക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top