സ്വത്ത് എഴുതി നല്‍കിയില്ല; മകന്റെ മര്‍ദനത്തില്‍ വൃദ്ധന്റെ വാരിയെല്ലുകള്‍ തകര്‍ന്നു

വണ്ണപ്പുറം: സ്വത്ത് എഴുതി നല്‍കിയില്ല. മകന്റെ മര്‍ദനമേറ്റ് വൃദ്ധന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പരാതി. വണ്ണപ്പുറം പുത്തന്‍പുരയില്‍ (കൊളന്തയില്‍) മാധവനാണ് (90) ഗുരുതരമായി പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒമ്പത് മക്കളുള്ള മാധവന്റെ രണ്ടാമത്തെ മകന്‍ ശശിക്കെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെണ്‍മറ്റത്തുള്ള മാധവന്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കടന്ന ശശി അതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. സ്വത്തെഴുതി തരണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം. കഴുത്തില്‍ പിടിച്ചുയര്‍ത്തി ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി ശ്വാസം മുട്ടിച്ചു. കരഞ്ഞപ്പോള്‍ മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് ശരീരത്ത് കയറി നിന്ന് ചവിട്ടി മെതിക്കുകയും ചെയ്തു. ഈ സമയം വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരും മറ്റൊരു മകനുമാണ് തന്നെ രക്ഷിച്ചതെന്ന് മാധവന്‍ പറയുന്നു. നാട്ടുകാര്‍ മാധവനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് പോലീസെത്തി മൊഴി രേഖപ്പെടുത്തിയത്. ചവിട്ടേറ്റ് മാധവന്റെ വാരിയെല്ലുകള്‍ തകര്‍ന്നെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. മാധവന്റെ കൈവശമുള്ള 10 ഏക്കര്‍ സ്ഥലത്തെ 28 സ്ഥലമൊഴിച്ച് ബാക്കി മക്കള്‍ക്ക് എഴുതി നല്‍കിയിരുന്നു. ഈ 28 സെന്റിന് മുമ്പും ശശി പിതാവിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മാധവന്റെ മൊഴിപ്രകാരം ശശിക്കെതിരെ കാളിയാര്‍ പോലിസ് കേസ്സെടുത്തു.

RELATED STORIES

Share it
Top