സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷ: മോദി

റാമല്ല: ചര്‍ച്ചകളിലൂടെ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉടനെ യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു  പ്രധാനമന്ത്രി.അസാധാരണമായ സാഹചര്യങ്ങളിലും അസാമാന്യ ധൈര്യം കാണിച്ചിട്ടുള്ള ഫലസ്തീന്‍ ജനതയെ അഭിനന്ദിക്കുന്നു. ഫലസ്തീന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് എല്ലാ സഹകരണങ്ങളും മോദി വാഗ്ദാനം ചെയ്തു. ത്രിരാഷ്ട്ര സന്ദര്‍ശനത്തില്‍ മോദി സന്ദര്‍ശിക്കുന്ന ആദ്യ രാജ്യമാണ് ഫലസ്തീന്‍. ഗ്രാന്റ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് പുരസ്‌കാരം നല്‍കിയാണ് മോദിയെ ഫലസ്തീന്‍ സ്വീകരിച്ചത്. ഫലസ്തീനിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയുമായി ആറു കരാറുകളില്‍ ഒപ്പുവച്ചു. ബൈത് സഹൗറിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, സ്ത്രീശാക്തീകരണത്തിനായി ഇന്ത്യ-ഫലസ്തീന്‍ സെന്റര്‍, റാമല്ലയിലെ പുതിയ അച്ചടിശാല, സ്‌കൂളുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇന്ത്യയില്‍ നിന്ന് ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. യാസിര്‍ അറഫാത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് പുഷ്പചക്രം അര്‍പ്പിച്ച മോദി അറഫാത്ത് മ്യൂസിയവും സന്ദര്‍ശിച്ചു. വൈകീട്ട് 7ന് യുഎഇയിലെത്തിയ മോദിക്ക് അബൂദബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അത്താഴവിരുന്നൊരുക്കിയിരുന്നു. ഇന്നു രാവിലെ അബൂദബി രക്തസാക്ഷി സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശേഷം ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ദുബയ് ഓപറ ഹൗസില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. അബൂദബിയില്‍ ആദ്യമായി പണിയുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. പിന്നീട് മദീനത്ത് ജുമൈറ ഹോട്ടലില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഒമാന്‍ സന്ദര്‍ശനത്തിനായി മസ്‌കത്തിലെത്തുന്ന മോദിയെ റോയല്‍ വിമാനത്താവളത്തില്‍ ഒമാന്‍ ഉപപ്രധാനമന്ത്രി സെയ്ദ് ഫഹദ് മഹ്മൂദ് അല്‍ സെയ്ദ് സ്വീകരിക്കും.

RELATED STORIES

Share it
Top