സ്വതന്ത്ര ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ആകെ അവിശ്വാസം 26

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ചരിത്രത്തിലെ 27ാമത് അവിശ്വാസപ്രമേയമാണ് ഇന്നലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരേ ലോ കസഭയില്‍ ചര്‍ച്ച ചെയ്തത്. അടല്‍ ബിഹാരി വാജ്‌പേയിക്കെതിരേ 2003ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയമായിരുന്നു ഇതില്‍ ഒടുവിലത്തേത്. ഇതുവരെ 26 അവിശ്വാസപ്രമേയങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടു.
ആദ്യത്തെ അവിശ്വാസപ്രമേയം അഭിമുഖീകരിച്ചത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 1962ലെ ഇന്തോ-ചൈന യുദ്ധം കഴിഞ്ഞ് അടുത്ത വര്‍ഷമാണത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജെ ബി കൃപലാനിയാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡന്റ്കൂടിയായിരുന്നു കൃപലാനി. 285 വോട്ടിന്റെ ഭൂരിപക്ഷം അന്ന് നെഹ്‌റുവിനുണ്ടായിരുന്നു.
രണ്ടാമത് ലാല്‍ബഹദൂര്‍ ശാസ്ത്രിക്കെതിരേ 1964ല്‍ സ്വതന്ത്ര എംപിയായിരുന്ന എന്‍ ചാറ്റര്‍ജി കൊണ്ടുവന്നതായിരുന്നു. 1964-75 കാലയളവില്‍ 15 അവിശ്വാസപ്രമേയങ്ങള്‍ക്കാണ് ലോക്‌സഭ സാക്ഷ്യംവഹിച്ചത്. ഇതില്‍ മൂന്നെണ്ണം ലാല്‍ബഹദൂര്‍ ശാസ്ത്രിക്കും 12 എണ്ണം ഇന്ദിരാഗാന്ധിക്കും എതിരേയായിരുന്നു. കൂടുതല്‍ അവിശ്വാസപ്രമേയങ്ങള്‍ നേരിട്ടത് ഇന്ദിരാഗാന്ധിയാണ്. ലാല്‍ബഹദൂര്‍ ശാസ്ത്രിയും പി വി നരസിംഹറാവുവും മൂന്നു തവണ ഈ അഗ്നിപരീക്ഷയെ നേരിട്ടു. മൊറാര്‍ജി ദേശായി രണ്ടു തവണയും. ഇതില്‍ ഒരെണ്ണം വോട്ടെടുപ്പിലേക്ക് എത്തിയില്ല. അതിനു മുമ്പേ രാജി നല്‍കി.

RELATED STORIES

Share it
Top