സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേ; സംസ്ഥാനത്ത് കോട്ടക്കലിന് മൂന്നാംസ്ഥാനം

മലപ്പുറം: ഏറ്റവും വൃത്തിയുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍ സംസ്ഥാനതലത്തില്‍ കോട്ടക്കലിന് മൂന്നാം സ്ഥാനം. സംസ്ഥാനത്തെ 85 നഗരങ്ങള്‍ക്കിടയില്‍ നിന്നാണ് കോട്ടക്കല്‍ ഈ നേട്ടം കരസ്ഥമാക്കിയത്. മൂവാറ്റുപുഴയ്ക്കാണ് ഒന്നാം സ്ഥാനം. മാവേലിക്കരയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം തരം തിരിച്ചായിരുന്നു സര്‍വേ. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ കൂട്ടത്തിലാണ് കോട്ടക്കല്‍ ഉള്‍പെട്ടത്. കാര്‍വി എന്ന സ്വകാര്യ ഏജന്‍സിയാണ് കേന്ദ്രസര്‍ക്കാറിനായി ഈ സര്‍വേ നടത്തിയത്. സേവന നിലവാരം, നേരിട്ടുള്ള നിരീക്ഷണം, പൊതുജനങ്ങളുടെ ഫീഡ് ബാക്ക് എന്നീ മൂന്നു ഘട്ടങ്ങളായി ആകെ 4,000 സ്‌കോര്‍ കണക്കാക്കിയാണ് സര്‍വേ നടത്തിയത്. ഇതില്‍ 1,570 സ്‌കോര്‍ നേടിയാണ് കോട്ടക്കല്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങള്‍ അടങ്ങിയ സൗത്ത് സോണില്‍ കോട്ടക്കലിന് 365ാം സ്ഥാനവുമുണ്ട്. 1113 നഗരങ്ങളാണ് സൗത്ത് സോണില്‍ നിന്നു സര്‍വേക്കായി ഉള്‍പെടുത്തിയിരുന്നത്. സര്‍വേയുടെ ഭാഗമായി നഗരസഭ നടപ്പാക്കിയ മാലിന്യസംസ്‌കരണ പദ്ധതികുളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തി. നഗരസഭ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സര്‍വേ സംഘം ശേഖരിച്ചു.
മാലിന്യസംസ്‌കരണ സംവിധാനം, വീടുകള്‍, സ്ഥാപനങ്ങള്‍, റോഡ്, മാര്‍ക്കറ്റ്, ശുചിമുറി എന്നിവയുടെ വൃത്തി, ഉറവിട മാലിന്യ സംസ്‌കരണം, മലിന ജലം പുറത്തേക്ക് ഒഴുകാന്‍ അനുവദിക്കാതിരിക്കല്‍, ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയാണ് മാനദണ്ഡങ്ങളായി പരിഗണിച്ചത്.
നഗരസഭയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഈ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചതെന്ന് കോട്ടക്കല്‍ നഗരസഭാധ്യക്ഷന്‍ കെ കെ നാസര്‍ പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോസ്ഥരെയും ജീവനക്കാരെയും ജനപ്രതിനിധികളെയും അദ്ദേഹം അഭിനന്ദിച്ചു. മലപ്പുറം ജില്ലയില്‍നിന്നു കോട്ടയ്ക്കലിനെ കൂടാതെ പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍, കൊണ്ടോട്ടി, വളാഞ്ചേരി, താനൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി എന്നീ നഗരങ്ങളിലും സര്‍വേ നടത്തിയിരുന്നു. പെരിന്തല്‍ണ്ണ, മലപ്പുറം നഗരങ്ങള്‍ യഥാക്രമം ജില്ലയില്‍ നിന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സംസ്ഥാനതലത്തില്‍ പെരിന്തല്‍മണ്ണ 17ാ സ്ഥാനത്തും മലപ്പുറം 29ാം സ്ഥാനത്തുമാണ്. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന് 19ാം സ്ഥാനമാണ് സര്‍വേയില്‍ ലഭിച്ചത്.

RELATED STORIES

Share it
Top