സ്വകാര്യ സ്വത്തവകാശം: ക്യൂബയില്‍ ഭരണഘടനാ കരടിന് അംഗീകാരം

ഹവാന: സ്വകാര്യ സ്വത്തവകാശത്തിന് നിയമസാധുത കല്‍പ്പിക്കുന്നതടക്കം നിരവധി പുരോഗമനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഭരണഘടന ഭേദഗതിയുടെ കരടിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി.
വിദേശ നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്വതന്ത്ര വിപണി സ്ഥാപിക്കുന്നതുള്‍പ്പെടെ സമൂല മാറ്റങ്ങളടങ്ങിയതാണ് ഭേദഗതി. ഇതുസംബന്ധിച്ച ഹിതപതിശോധന ഈ വര്‍ഷം അവസാനം നടക്കും.
ഭരണഘടനയില്‍ നിന്നു കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കലാണ് ആത്യന്തിക ലക്ഷ്യമെന്ന ആശയം ഒഴിവാക്കി സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രസിഡന്റിനൊപ്പം അധികാരം പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രിയടക്കം പുതിയ പദവിയും കൊണ്ടുവരും. 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇനി പ്രസിഡന്റ് പദവി എന്ന പ്രത്യേകതയും ഭേദഗതിക്കുണ്ട്.
മുന്‍ പ്രസിഡന്റും ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷനുമായ റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഭരണഘടന പരിഷ്‌കരിച്ചത്.
സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം ക്യൂബ ഒരു പുതിയ യുഗത്തിലേക്കു പ്രവേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സോഷ്യലിസ്റ്റ്, സ്വയംഭരണാധികാര, സ്വതന്ത്ര, ക്ഷേമ, സുസ്ഥിര രാജ്യമാണു ലക്ഷ്യമെന്നും നാഷനല്‍ അസംബ്ലി അധ്യക്ഷന്‍ എസ്തബാന്‍ ലാസോ വ്യക്തമാക്കി.

RELATED STORIES

Share it
Top