'സ്വകാര്യ ശീതളപാനീയ കമ്പനിയുടെ ഉല്‍പാദനം തടഞ്ഞത് പെരുമാട്ടി പഞ്ചായത്ത് 'പാലക്കാട്: പ്ലാച്ചിമടയില്‍ സ്വകാര്യ ശീതള പാനീയ കമ്പനി ഉത്പാദനം നിര്‍ത്താന്‍ കാരണം പെരുമാട്ടി പഞ്ചായത്തിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ടാണെന്ന് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ . പ്ലാച്ചിമട ദുരിതബാധിതര്‍ക്കായി നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശീതള പാനീയ കമ്പനിക്ക് നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സ്ഥലത്തെ ജലത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കാനുള്ള ജലത്തിന്റെ അളവ് കുറച്ച് പഞ്ചായത്ത് നല്‍കിയ ലൈസന്‍സില്‍ ഉത്പാദനം തുടരാനാകാത്തതുകൊണ്ടാണ് കമ്പനിക്ക് ഉത്പാദനം നിര്‍ത്തേണ്ടിവന്നത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് തുടരുകയാണ്. പഞ്ചായത്തിന് സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ കൂടുതല്‍ തുക സര്‍ക്കാറിനോട് ആവശ്യപ്പെടും. പ്രദേശവാസികളുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സമഗ്ര സര്‍വെ നടത്തണം, പട്ടികവര്‍ഗ വകുപ്പിന്റെ സഹായത്തോടെ നന്ദിയോട് പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിക്കണം,  ജലസേചനം സുഗമമാക്കാന്‍ പ്രദേശത്തെ കനാലുകള്‍ ജലസേചന വകുപ്പ് നവീകരിക്കണം, തടയണ നിര്‍മാണം ശാസ്ത്രീയമാകണം, കൃഷി’ഭൂമി എത്രയാണെന്ന് കൃത്യമായി അളന്ന് തിട്ടപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. പ്ലാച്ചിമട അങ്കണവാടിക്കടുത്തുള്ള വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന അദാലത്തില്‍ ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി പരാതികള്‍ നേരിട്ട് സ്വീകരിച്ചു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തിയ അദാലത്തില്‍ 219 പരാതികളാണ് സ്വീകരിച്ചത്. പട്ടയ-കുടിവെള്ള പ്രശ്‌നങ്ങളാണ് പരാതികളില്‍ ഏറെയും. റവന്യു - 70, പഞ്ചായത്ത് - 80, സിവില്‍ സപ്ലൈസ് - 28, ജലസേചനം - 12, ആരോഗ്യം - 4 എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ തീര്‍പ്പാക്കേണ്ട പരാതികള്‍. 14 കൗണ്ടറുകള്‍ വഴിയാണ് പ്രദേശവാസികളില്‍ നിന്നും പരാതികള്‍ സ്വീകരിച്ചത്. പരാതികള്‍ നല്‍കാന്‍ ഹെല്‍പ് ഡെസ്‌കും സജ്ജീകരിച്ചിരുന്നു. ജൂണ്‍ 15 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന പ്ലാച്ചിമട പ്രശ്‌ന പരിഹാര ചര്‍ച്ചയില്‍ ജില്ലാ കലക്റ്റര്‍ അദാലത്തില്‍ ലഭിച്ച പരാതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിക്കും. എഡിഎം എസ വിജയന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജി മാരിമുത്തു, ജയശ്രീ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top