സ്വകാര്യ വ്യക്തി തട്ടിയെടുത്ത ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കിപനമരം: സ്ഥലമിടപാടില്‍ ഇടനിലക്കാരാന്‍ തട്ടിയെടുത്തെന്ന് ആരോപിക്കപ്പെടുന്ന ഭൂമി പിടിച്ചെടുത്ത് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കി. നടവയല്‍ ടൗണില്‍, അഞ്ചുകുന്ന് സ്വദേശി കളത്തിങ്കല്‍ സുരേഷ്‌കുമാര്‍ അദ്ദേഹത്തിന്റേത് എന്നവകാശപ്പെടുന്ന ഭൂമിയിലായിരുന്നു കൃഷിയിറക്കല്‍ സമരം. കഴിഞ്ഞ ഫെബ്രുവരി 28ന് ഈ ഭൂമിയില്‍ സമരസമിതി കൊടിനാട്ടി അവകാശം സ്ഥാപിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ജനകീയ സമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് കപ്പകൃഷി ഇറക്കിയത്. സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം കായക്കുന്ന് സ്വദേശിയായ ഇടനിലക്കാരന്‍ മറ്റൊരു തോട്ടത്തിന്റെ മാറ്റക്കച്ചവടവുമായി ബന്ധപ്പെടുത്തി വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ജനകീയ സമിതിയുടെ വാദം. തട്ടിപ്പിനിരയായ സുരേഷ്‌കുമാര്‍ സഹായം തേടിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടത്. ഭൂമി യഥാര്‍ഥ ഉടമയ്ക്ക് ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവാനാണ് നാട്ടുകാരുടെ തീരുമാനം. വി എ കുര്യാച്ചന്‍, ഗ്രേഷ്യസ് നടവയല്‍, സാം പി മാത്യു, ജോസ് വെമ്പള്ളില്‍, സൈമണ്‍ ആനപ്പാറ, എ ആര്‍ രാജു, സന്തോഷ് അയ്യര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top