സ്വകാര്യ വ്യക്തി കൈയേറിയ ഭൂമി ജില്ലാഭരണകൂടം ഏറ്റെടുത്തു

ചാലക്കുടി: ചാലക്കുടിയില്‍ ദേശീയപാതയോരത്ത് വ്യാജ പട്ടയം നിര്‍മിച്ച് സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 53 സെന്റ് സ്ഥലം റവന്യൂ വകുപ്പു ഏറ്റെടുത്തു. നിയമ നടപടിക്കൊടുവിലാണ് ദേശീയപാതയോരത്ത് മുനിസിപ്പല്‍ ജങ്ഷനില്‍ കോടതിക്ക് സമീപമുള്ള പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ സ്ഥലം തിരിച്ചു പിടിച്ചത് ജനപ്രതിനിധികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വേലികെട്ടി തിരിച്ചത്. പോലിസിന്റെ താമസ കെട്ടിടം ഉണ്ടായിരുന്ന സ്ഥലം പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്നു. കെട്ടിടം ഇല്ലാതായതോടെ സമീപത്തുളള സ്ഥലം ഉടമ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലാ ഭരണകൂടം സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്തെങ്കിലും സ്ഥലം കൈവശം വെച്ചിരുന്നു വ്യക്തി ഹൈക്കോടതിയെ സമീപക്കുകയായിരുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഭാഗം രേഖകള്‍ സഹിതം വാദിച്ച് അനുകൂല വിധി നേടി. തുടര്‍ന്നാണ് ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, ബി ഡി ദേവസ്സി എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുക്കുകയായിരുന്നു. സ്ഥലം മതില്‍ കെട്ടി സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കേസില്‍പ്പെട്ട് കാടുമൂടി കിടന്ന സ്ഥലം കഴിഞ്ഞ ദിവസം മണ്ണ് മാന്തി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. പിടിച്ചെടുത്ത ഭൂമി സര്‍ക്കാര്‍ വികസനപദ്ധതികള്‍ നടപ്പാക്കാനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സണ്‍ പാണാട്ടുപറമ്പില്‍, ഡെപ്യൂട്ടി കളക്ടര്‍ ആര്‍ തുളസീധരന്‍ നായര്‍, തഹസില്‍ദാര്‍ മോളി ചിറയത്ത്, ഭൂരേഖ അഡീഷണല്‍ തഹസില്‍ദാര്‍ വി സി ലൈല എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top