സ്വകാര്യ വിദ്യാലയത്തിലെ സംഘപരിവാര ക്യാംപിനെതിരേ ജനകീയ പരാതി

മഞ്ചേരി: നറുകരയിലെ പ്രമുഖ സ്വകാര്യ വിദ്യാലയം കേന്ദ്രീകരിച്ച് സംഘപരിവാരം നടത്തുന്ന ക്യാംപിനെതിരേ നാട്ടുകാര്‍ പരാതിയുമായി രംഗത്ത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാംപിനെതിരേ ഗുരുതരമായ ആരപണങ്ങളാണ് പരിസരവാസികള്‍ ഉന്നയിക്കുന്നത്. മൂന്നു വര്‍ഷമായി തുടരുന്ന പരിപാടി പ്രദേശത്തെ മാനവിക ഐക്യം തകര്‍ക്കുന്നതാണെന്നു കാണിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, മഞ്ചേരി സിഐ, എസ്‌ഐ എന്നിവര്‍ക്ക് പരാതി നല്‍കി. ആര്‍എസ്എസിന്റെ പ്രാഥമിക സംഘശിക്ഷ വര്‍ഗാണ് വിദ്യാലയത്തില്‍ 24 മുതല്‍ ആരംഭിച്ചിരിക്കുന്നത്. മൂന്നു വര്‍ഷമായി നറുകരയിലെ വിദ്യാലയം കേന്ദ്രമാക്കിയാണ് ക്യാംപ്്. ഇതിന്റെ ഭാഗമായി ആയുധ പരിശീലനവും കായിക പരിശീലനവും വിദ്വേഷ പ്രസംഗങ്ങളും പ്രദേശത്തെ ഭീതിയിലാഴ്ത്തുകയാണെന്ന് പരാതിയില്‍ പറയുന്നു. നിയമങ്ങളെല്ലാം കാറ്റില്‍പറത്തി നടക്കുന്ന പരിപാടിക്ക് തടയിടണമെന്നും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം ഇത്തരം ചെയ്തികള്‍ക്ക് വേദിയാക്കരുതെന്നും നാട്ടുകാര്‍ ഒപ്പുവച്ച പരാതിയില്‍ പറയുന്നു.
മൂന്നു വര്‍ഷം മുമ്പ് ഇതേ വിദ്യാലയത്തില്‍ നടന്ന പരിപാടിക്കെതിരേയും ജനങ്ങള്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിയെ തുടര്‍ന്ന് മേഖലയിലെ നാലോളം കിണറുകള്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് ഉപയോഗശൂന്യമായതായി ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതികള്‍ നല്‍കിയാലും നടപടിയെടുക്കാത്ത നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, ഇന്നലെ രാത്രി ആയുധങ്ങളുമായി നാട്ടുകാര്‍ക്കുനേരേ ആക്രമണശ്രമം നടത്തിയതോടെ പോലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

RELATED STORIES

Share it
Top