സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ അഡ്മിഷന്‍ സമയത്ത് വാങ്ങിവയ്ക്കുന്നതിനെ കുറിച്ച് അനേ്വഷിച്ച് വിശദീകരണം നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ എന്‍ജിനീയറിങ്, നഴ്‌സിങ്, മറ്റു പ്രഫഷനല്‍ കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവരില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിവയ്ക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. നിയമ സെക്രട്ടറിയില്‍ നിന്നു കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമവകുപ്പിന് ഇതുമായി ബന്ധമില്ലെന്നു നിയമ സെക്രട്ടറി അറിയിച്ചു. ഫീസ് നല്‍കിയില്ലെങ്കില്‍ സ്വകാര്യ കോളജുകള്‍ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. വാഹനാപകടത്തില്‍ മകന്‍ മരിച്ച പിതാവിനോട് മകന്റെ ഫീസ് മുഴുവന്‍ അടച്ചാല്‍ മാത്രം സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാമെന്നു പറഞ്ഞ സ്വകാര്യ കോളജുകാരും ഇവിടെയുണ്ട്. റാഗിങ് പോലുള്ള കാരണങ്ങള്‍ കൊണ്ട് പഠിത്തം മതിയാക്കിയാലും സര്‍ട്ടിഫിക്കറ്റ് മടക്കിനല്‍കില്ല. സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ രശീതി നല്‍കാറുണ്ടെങ്കിലും അതു നിയമപരമല്ലെന്നു പരാതിയില്‍ പറയുന്നു. ഒരു വ്യക്തിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിവയ്ക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമായ പ്രവൃത്തിയാണെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top