സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനം ഏകീകരിക്കല്‍ ബില്ല് ഗവര്‍ണറുടെ പരിഗണനയ്ക്ക്

എ എം ഷമീര്‍ അഹ്മദി

തിരുവനന്തപുരം: വിവാദമായ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനം ഏകീകരിക്കല്‍ ബില്ല് സര്‍ക്കാര്‍ ഗവര്‍ണറുടെ പരിഗണനയ്ക്കായി അയച്ചു. നിയമവകുപ്പ് ബില്ല് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയിരുന്നു. ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ബില്ല് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ബില്ല് അംഗീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഉന്നയിച്ച സംശയങ്ങള്‍ പരിഹരിച്ചാണ് ബില്ലിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍, ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതുകൂടി പരിഗണിച്ചുകൊണ്ടാവും ഗവര്‍ണറുടെ തീരുമാനം. അതേസമയം, ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചില്ല.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട ബില്ല് രാഷ്ട്രീയപരമായും സാങ്കേതികപരമായും ധാര്‍മികപരമായും ശരിയാണെന്നു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ശരിയാണ്. ഗവര്‍ണര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബില്ല് അംഗീകരിച്ചത്. ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ലിന് അംഗീകാരം നല്‍കിയാലും പ്രശ്‌നം അവസാനിക്കില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഇതു കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനമാവും. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രിംകോടതിക്ക് നിയമം അസാധുവാക്കാം. ഈ സാഹചര്യങ്ങള്‍ മറികടക്കാനുള്ള നിയമപരമായ നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, ബില്ലിനെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളില്‍ ഭിന്നത രൂക്ഷമായി. സര്‍ക്കാരിനെ വെട്ടിലാക്കാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ചെന്നാണ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ബില്ല് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
ബിജെപിയിലും വിഷയം വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരിക്കുകയാണ്. ബില്ലിനെ ആദ്യം പിന്തുണച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ എംപിയുടെ പരസ്യപ്രസ്താവനയോടെ മലക്കം മറിഞ്ഞു. കുട്ടികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാല്‍ അത് മുതലാളിയുടെ താല്‍പര്യം സംരക്ഷിക്കണമെന്നാണെന്ന് വ്യാഖ്യാനിക്കുന്നത് കൗതുകമാണെന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞു. മുതലാളിമാരില്‍ നിന്നു കോടികള്‍ വസൂലാക്കിയവര്‍ക്ക് അത് ആവശ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ നിയമസഭയില്‍ പിന്തുണച്ചിട്ടില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എയും അവകാശപ്പെട്ടു.

RELATED STORIES

Share it
Top