സ്വകാര്യ ബസ് സമരം പൂര്‍ണം: യാത്രാക്ലേശം രൂക്ഷം

കൊല്ലം: സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച സ്വകാര്യ ബസ് സമരം ജില്ലയില്‍ പൂര്‍ണം. നഗരത്തില്‍ ഇളമ്പള്ളൂര്‍-ചവറ റൂട്ടിലും കൊട്ടിയം-ചവറ റൂട്ടിലും സ്വകാര്യ ബസ്സുകള്‍ പൂര്‍ണമായും പണിമുടക്കി. കല്ലുംതാഴം-മേവറം ബൈപ്പാസില്‍ മാത്രമാണ് നഗരപരിധിയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയത്. പരീക്ഷാക്കാലം ആയതിനാല്‍ ബസ്സില്ലാത്തതിനാല്‍ കൃത്യസമയത്ത് വിദ്യാലയങ്ങളില്‍ എത്താനാകാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു. രാവിലെയും വൈകുന്നേരങ്ങളിലും യാത്രാക്ലേശം രൂക്ഷമായിരുന്നു. മിനി ബസ്സുകള്‍ സമാന്തര സര്‍വീസുകള്‍ നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. സ്വകാര്യ ബസ് പണിമുടക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസിയും ഇന്നലെ അധിക സര്‍വീസുകള്‍ നടത്തി. സര്‍വീസ് നടത്തിയ ബസ്സുകളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. ജനങ്ങളുടെ ഡിമാന്‍ഡ് അനുസരിച്ച് ബസ് സര്‍വീസ് നടത്താനും ലീവ് റദ്ദാക്കിച്ച് ജീവനക്കാരോട് ഡ്യൂട്ടിക്കെത്താനും കെഎസ്ആര്‍ടിസി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് വരെ ജില്ലയില്‍ 350ഓളം അധിക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തിയത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് യഥാര്‍ഥ യാത്രക്കൂലിയുടെ 50 ശതമാനമാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യത്തിനു പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, റോഡ് നികുതി വര്‍ധന പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്കു രൂപം നല്‍കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top