സ്വകാര്യ ബസ് സമരം തുടങ്ങി; യാത്രക്കാര്‍ വലഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്കുവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് സമരം തുടങ്ങി. സ്വകാര്യ ബസ്സുകളൊന്നും നിരത്തിലിറങ്ങാതിരുന്നത് യാത്രക്കാരെ വലച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസ്സുകളെയും ട്രെയിനുകളെയും ആശ്രയിച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് ബദല്‍ ടാക്‌സി സര്‍വീസുകള്‍ തുണയായി. സമരം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തി.
തിരുവനന്തപുരം, വൈറ്റില, കോഴിക്കോട് തുടങ്ങി മിക്ക ഡിപ്പോകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ഓപറേറ്റ് ചെയ്തു. സമരകാലത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തി വരുമാനം വര്‍ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. സമരം കണക്കിലെടുത്ത് മിക്ക ടൗണ്‍ ടു ടൗണ്‍ ബസ്സുകളും ഫാസ്റ്റ് പാസഞ്ചറുകളും കൂടുതല്‍ സ്‌റ്റോപ്പുകളില്‍ നിര്‍ത്തി. പ്രധാനപ്പെട്ട നഗരങ്ങളില്‍ യാത്രക്കാരെ സഹായിക്കാന്‍ പോലിസും രംഗത്തിറങ്ങി.
സര്‍ക്കാര്‍ കൊണ്ടുവന്ന നിരക്കുവര്‍ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ്സുകളുടെ സംയുക്ത സമരസമിതി അനിശ്ചിതകാല സമരം തുടങ്ങിയത്.  19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിരക്കുവര്‍ധന കെഎസ്ആര്‍ടിസിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് സമരക്കാര്‍ ആരോപിച്ചു.
കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മിനിമം ചാര്‍ജ് എട്ടുരൂപയാക്കി വര്‍ധിപ്പിച്ചത്.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസ്സുടമകളുടെ സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരം മുതലെടുത്ത് കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.

RELATED STORIES

Share it
Top