സ്വകാര്യ ബസ് മരത്തിലിടിച്ച് 11 പേര്‍ക്ക് പരിക്ക്‌

കൊട്ടാരക്കര : അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാരായ 11പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍ വശമാണ് അപകടമുണ്ടായത്.
കരുനാഗപള്ളിയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് വന്ന അസിന്‍ എന്ന സ്വകാര്യ ബസ്സാണ് മരത്തിലിടിച്ചത്. അപകടം നടന്നയുടന്‍ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ബസ് യാത്രക്കാരായ ആയുര്‍ തേവന്നൂര്‍ തീര്‍ഥത്തില്‍ ശാന്തകുമാരി (67) ,കോട്ടാത്തല കുണ്ടറ മേലേതില്‍ ബിന്ദു (42) ,തേവലപ്പുറം സരയുവില്‍ മധുസുധനന്‍ പിള്ള (54),ശാസ്താംകോട്ട കാവുവിള തെക്കേതില്‍ ഷിഹാബ് (33), ഭാര്യ ആല്‍ഫിയ (21), ചക്കുവള്ളി കൊച്ചു തെക്കേയിടത്ത് അഫ്‌സല്‍(17), റാന്നി ചെക്കിട്ടയില്‍ വീട്ടില്‍ ലിസി (68),നൂറനാട് പ്രശാന്ത് ഭവനില്‍ വിമല (46) ,നൂറനാട് പാറ്റൂര്‍ വീട്ടില്‍ അജിത (45) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പുനലൂര്‍ സ്വദേശികളായ അഡ്വ. ഇന്ദുലേഖ (35), ബിബിന്‍ ബിജു (15) എന്നിവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അമിത വേഗതയില്‍ പുലമണ്‍ ജങ്ഷനിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും റോഡിലേക്കിറങ്ങി വന്ന ലോ ഫ്‌ളോര്‍ ബസ്സില്‍ തട്ടാതിരിക്കാന്‍ വെട്ടി തിരിച്ചപ്പോള്‍ സമീപത്തെ കെഎസ്ആര്‍ടിസി ഷോപ്പിങ് കോപ്ലക്‌സിന് മുന്നിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്ന് മുന്നില്‍ ഇരുന്ന യാത്രക്കാര്‍ പുറത്തേക്ക് തെറിച്ച് വീണു. ഓടികൂടിയ നാട്ടുകാരും പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.അപകടത്തില്‍ പരിക്കേറ്റ ചില യാത്രക്കാരുടെ പഴ്‌സും മൊബൈല്‍ ഫോണും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും ഇതിനിടയില്‍ നഷ്ടപെട്ടിട്ടുണ്ട്.  .കൊട്ടാരക്കര പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top