സ്വകാര്യ ബസ് തൊഴിലാളികളുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിക്ക്

റാന്നി: സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. വെച്ചൂച്ചിറ-ചങ്ങനാശേരി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ ഡ്രൈവര്‍ അനില്‍, കണ്ടക്ടര്‍ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് റാന്നിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നേരേ ആക്രമണമുണ്ടായത്.
റാന്നി ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് പാര്‍ക്ക് ചെയ്യുന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ പ്രവേശിക്കുന്നതിനെ ചൊല്ലി കുറെ നാളുകളായ തര്‍ക്കവും വാക്കേറ്റവും പതിവാണ്. ഇതിനിടയില്‍ ഇന്നലെ രാവിലെ റാന്നി-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസ് പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയത് പ്രകോപനത്തിന് കാരണമായി. ഇത് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഏജന്റ് മറ്റൊരു വാഹനം കുറുകെ ഇട്ട് ചോദ്യം ചെയ്തു. ഈക്കാര്യം ബസ് സ്റ്റാന്‍ഡിലെ പോലിസ് എയിഡ് പോസ്റ്റില്‍ പോയി പരാതി പറഞ്ഞ ശേഷം തിരികെ എത്തുന്നതിനിടയില്‍ അനില്‍ ആക്രമിക്കപ്പെടുകയായിരുന്നു. കത്തി കൊണ്ട് കുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കണ്ടക്ടര്‍ അനീഷിന് വെട്ടേറ്റത്. ഇരുവര്‍ക്കും കൈക്കാണ് പരിക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സര്‍വീസുകള്‍ മുടക്കി പണിമുടക്കിയെങ്കിലും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി എംഡിക്ക് പോലിസ് ഉറപ്പ് നല്‍കിയതോടെ ഒരു മണിക്കൂറിന് ശേഷം സമരത്തില്‍ നിന്നും പിന്‍മാറി.  എല്ലാ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡുകളിലും കെഎസ്ആര്‍ടിസി ബസുകള്‍ കയറി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ പ്രവേശിച്ചതെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പറയുന്നു.

RELATED STORIES

Share it
Top