സ്വകാര്യ ബസ് ടെര്‍മിനലില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കയറുന്നില്ലെന്ന് പരാതി

പറവൂര്‍: പുതുതായി നിര്‍മിച്ച സ്വകാര്യ ബസ് ടെര്‍മിനലില്‍ കെഎസ്ആര്‍ ടിസി ബസ്സുകള്‍ പ്രവേശിക്കണമെന്ന ട്രാഫിക് റെഗുലേറ്ററി അഡൈ്വസറി ബോര്‍ഡ് കമ്മിറ്റിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ ഇതുവരെ കയറാത്തത് വിവാദമാകുന്നു. ഡിസംബര്‍ 24ന് ആണ് ബസ് ടെര്‍മിനല്‍ തുറന്നുകൊടുത്തത്. കെഎസ്ആര്‍ടിസി സ്റ്റാന്റിനോട് ചേര്‍ന്നാണ് ബസ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വരുന്നതിനായി ഇരു ബസ് സ്റ്റാന്റിന്റെയും അതിരുകള്‍ പൊളിച്ച് പുതിയ ബസ് ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതിനായി കവാടം തുറക്കുകയും ചെയ്തു. ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി മുഴുവന്‍ ബസ്സുകളും ഇതുവഴി കടന്നു പോകണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു.  വി ഡി സതീശന്‍ എംഎല്‍എ കെഎസ്ആര്‍ടിസി എംഡിയെ നേരിട്ട് വിളിച്ച് പുതിയ ബസ് ടെര്‍മിനല്‍വഴി കെഎസ്ആര്‍ടിസി ബസ്സുകള്‍ കടന്നുപോകാന്‍ നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥനയും അധികൃതര്‍ മാനിച്ചില്ല. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ വീണ്ടും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും പുതിയ ബസ് ടെര്‍മിനലില്‍ യാത്രക്കാര്‍ ഇല്ലെന്നും ഇവിടെ ബസുകള്‍ നിര്‍ത്തിയിടാനാവില്ലെന്നുമുള്ള കര്‍ക്കശ നിലപാടെടുക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ടിബിയില്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി യോഗത്തില്‍ നഗരത്തിലൂടെ കടന്നുപോകുന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളും കെഎസ്ആര്‍ടിസി ബസ്സുകളും ബസ് ടെര്‍മിനലില്‍ കയറണമെന്ന് തീരുമാനമെടുത്തു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമായാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. അതേ സമയം സ്വകാര്യ-ദീര്‍ഘദൂര ബസ്സുകള്‍ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ടെര്‍മിനലില്‍ കയറിയിറങ്ങിയാണ് പോകുന്നത്. യാത്രക്കാരുടെ എണ്ണം മുന്‍ ദിവസത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ പോലിസ് എയ്ഡ് പോസ്റ്റ്  സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top