സ്വകാര്യ ബസ്സുടമകളുടെ കടുംപിടിത്തം; ചര്‍ച്ച പൊളിഞ്ഞുതൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് സ്ഥാപിക്കുന്നതു സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.ഇതിനെതിരായ സ്വകാര്യബസ് ഉടമകളുടെയും ജീവനക്കാരുടെയും എതിര്‍പ്പ് പരിഗണിച്ചാണ് നഗരസഭാ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ഒത്തുതീര്‍പ്പ് യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയത്.സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അനുവദിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന പിടിവാശിയില്‍ സ്വകാര്യബസ് ഉടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികള്‍ ഉറച്ചു നിന്നു.ഇതോടെയാണ് ചര്‍ച്ച വഴിമുട്ടി. പൊതുജനങ്ങളുടെ സൗകര്യാര്‍ഥമാണ് തൊടുപുഴ നഗരസഭ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസിക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുനി.കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ സ്വകാര്യബസ് ഉടമകള്‍ സമരവുമായെത്തി.ബസ്‌സ്റ്റാന്റ് ബഹിഷ്‌കരണവും നടത്തി.ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാണ് നഗരസഭാ അധികൃതര്‍ ശ്രമിച്ചത്. ഇതിനായി സ്വകാര്യബസ് ഉടമകളുടെയും ജീവനക്കാരുടെയും യൂനിയന്‍ പ്രതിനിധികള്‍, കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും ട്രേഡ് യൂണിയനുകളുടെയും ഭാരവാഹികള്‍ തുടങ്ങിയവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ ചെയര്‍മാന്‍ എ എം ഹാരിദ്, കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ പരിധിയിലെ കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ തുടങ്ങിയവരും പങ്കെടുത്തു. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വകാര്യബസ് ഉടമകള്‍ സ്വീകരിച്ചത്. കെഎസ്ആര്‍ടിസി സ്വകാര്യബസുകളുടെ വരുമാനം തട്ടിയെടുക്കുമെന്നതായിരുന്നു അവരുടെ പ്രധാന വാദം. ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന അന്വേഷണ കൗണ്ടര്‍ മാതൃകയിലാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നിലവില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം അറിയാന്‍ മാര്‍ഗമില്ല. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ സംവിധാനം. 2010ലാണ് ആദ്യമായി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അനുവദിച്ചതെന്നും എന്നാല്‍, ജീവനക്കാരുടെ കുറവു മൂലമാണ് അന്ന് ആരംഭിക്കാന്‍ കഴിയാതിരുന്നതെന്ന് കെഎസ്ആര്‍ടിസിയെ പ്രതിനിധീകരിച്ച് എത്തിയവര്‍ പറഞ്ഞു. എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാന്‍ ബസ് ഉടമകളും ജീവനക്കാരും തയ്യാറായില്ല. ഇതോടെ യോഗം പിരിയുകയായിരുന്നു. വിഷയം പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

RELATED STORIES

Share it
Top