സ്വകാര്യ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

തണ്ണിത്തോട്: കരിമാന്‍തോട്ടില്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ ഒറ്റ സര്‍വീസ് പോലും നടത്തിയില്ല. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയെങ്കിലും മലയോര മേഖലയിലെ ജനങ്ങള്‍ സംഘടിച്ചെത്തി സ്വകാര്യ ബസുകള്‍ മുഴുവന്‍ റോഡില്‍ തടഞ്ഞിട്ട് റോഡ് ഉപരോധിച്ചു.  തുടര്‍ന്ന് കോന്നി സിഐ ഉമേഷ് കുമാര്‍ കെഎസ്ആര്‍ടിസി ഡിടിഒ മനേഷ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ബസുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാമെന്നും, ടൈം ഷെഡ്യൂള്‍ തെറ്റിച്ച് ഓടുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും കെഎസ്ആര്‍ടിസി ബസിലെ വനിത കണ്ടക്ടറെ പരസ്യമായി അസഭ്യം പറഞ്ഞ സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ഒന്നോടെയാണ് പ്രതിഷേധ സമരം അവസാനിച്ചത്.  സംഭവത്തിന് പിന്നില്‍ കോന്നി -തണ്ണിത്തോട് തേക്കുതോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ലോബികളാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top