സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- കോണ്‍ഗ്രസ്

ആലത്തൂര്‍: അരഡസനോളം പേരുടെ ആത്മഹത്യയ്ക്ക് കാരണമായ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. കടബാധ്യത കാരണം സ്ഥാപന ജീവനക്കാരുടെ ഭീഷണി സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത മഞ്ഞളൂര്‍ നെല്ലിക്കല്‍കാട് ചുമട് തൊഴിലാളിയായ ചന്ദ്രന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു.
ആലത്തൂര്‍ പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ മൈക്രോ ഫിനാന്‍സ് എന്ന പേരില്‍ ലോണ്‍ കുരുക്കില്‍ പെടുത്തിയിരിക്കുന്നത്. ലോണ്‍ കുടിശ്ശിക വരുത്തുന്നവര്‍ക്ക് വീണ്ടും ലോണ്‍ വര്‍ധിപ്പിച്ച് നല്‍കി കൊള്ള പലിശ ഈടാക്കി ഊരാക്കുടുക്കാക്കി മാറ്റുകയാണ് സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.
കടക്കെണിയിലായ കര്‍ഷകരെയും തൊഴിലും വരുമാനവുമില്ലാത്ത പാവങ്ങളുടെ വീടും സ്ഥലവും വരെ തട്ടിയെടുക്കുന്ന സംഘങ്ങളായി ഇവ മാറിയിരിക്കുന്നു. ഇവര്‍ പണപ്പിരിവിനായി ഗുണ്ടാസംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയാണ്. ഓപ്പറേഷന്‍ കുബേര നിര്‍ത്തല്‍ ചെയ്തതിന് പിന്നില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ലോബിയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ഡിസിസി വൈസ് പ്രസിഡന്റ് പി വി രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് മുരളീധരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ എം ഫെബിന്‍, ആലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി സുദര്‍ശനന്‍, തേങ്കുറിശ്ശി മണ്ഡലം പ്രസിഡന്റ് മുസ്തഫ, ഷാജഹാന്‍, നാരായണന്‍, രാജന്‍ ഒപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top