സ്വകാര്യ കോളജിന് അനുമതി: പരാതിയില്‍ വസ്തുതയില്ലെന്ന് പി കെ അബ്ദുറബ്ബ്

തിരുവനന്തപുരം: മുളയറ സിഎസ്‌ഐ കോളജ് അനുവദിച്ചതുമായി ബന്ധപ്പെട്ടു വന്ന പരാതിയില്‍ യാതൊരു വസ്തുതയുമില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് എംഎല്‍എ.
കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ഈ കോളജ് അനുവദിച്ചത്. കേരള സര്‍വകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ പ്രപോസല്‍ പരിഗണിച്ചത്. കോളജ് അനുവദിക്കുന്നതിനും പുതിയ കോഴ്‌സ് അനുവദിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പില്‍ ലഭിക്കുന്ന അപേക്ഷകള്‍  സര്‍വകലാശാലകളുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. അപേക്ഷകള്‍ പരിശോധിച്ച സര്‍വകലാശാലയാണ് സര്‍ക്കാരിനു ശുപാര്‍ശ ചെയ്യുന്നത്. സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും പരിശോധിച്ചതിനു ശേഷമാണ് മന്ത്രിസഭ പരിഗണിക്കുന്നത്.
കോളജുകള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി രണ്ടര വര്‍ഷത്തോളമായതിനു ശേഷം ഇത് പോലെ ഒരു പരാതിയുമായി വരുന്നതിലുള്ള ഉദ്ദേശ്യം എന്താണെന്നു ജനങ്ങള്‍ മനസ്സിലാക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു. ന്യൂനപക്ഷപദവിയുണ്ടെന്ന് വ്യാജരേഖ ചമച്ച് സ്വകാര്യ കോളജിന് എയ്ഡഡ് പദവിനല്‍കിയെന്ന ആരോപണത്തില്‍  അബ്ദുറബ്ബിനെതിരേ പ്രത്യേക വിജിലന്‍സ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.

RELATED STORIES

Share it
Top