സ്വകാര്യ ആശുപത്രികളില്‍ നിയമവിരുദ്ധ രക്തകച്ചവടം

കണ്ണൂര്‍: ജില്ലയിലെ ചില സ്വകാര്യ ആശുപത്രികളുടെ മറവില്‍ നിയമവിരുദ്ധ രക്ത ശേഖരണവും കച്ചവടവും വ്യാപകം. ഇത്തരം ആശുപത്രികളില്‍ എത്തിപ്പെടുന്ന രോഗികളുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും രക്തം ശേഖരിക്കുന്നുവെന്നാണ് പരാതി. നിര്‍ധനരില്‍നിന്നു പോലും വന്‍തുകയാണ് ഈടാക്കുന്നത്. ആശുപത്രി അധികൃതരും ചില ബിനാമി ഇടപാടുകാരും നടത്തുന്ന സ്വകാര്യ ലാബുകളാണ് ഇത്തരം നിയമവിരുദ്ധ കച്ചവടത്തിന് പിന്നിലെന്നാണ് ആരോപണം.
ജില്ലയില്‍ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും സഹകരണ ആശുപത്രികളിലും രക്തബാങ്കുകള്‍ ഉള്ളപ്പോള്‍ കണ്ണൂര്‍ നഗരത്തിലെ പ്രധാന സ്വകാര്യ ലാബുകളില്‍നിന്നു രക്തം ശേഖരിക്കാനും കൊടുക്കാനുമാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കുന്നത്. സര്‍ക്കാര്‍ ആശുപതികളിലെ രക്തശേഖരണം സുരക്ഷിതമല്ലെന്നും വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. ജില്ലാ ആശുപത്രിയിലെയും സഹകരണ ആശുപത്രികളിലെയും രക്തം സുരക്ഷിതമല്ലെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് സുരക്ഷിതമായ ലാബ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കപ്പെട്ടതാണ്. ചില ഡോക്ടര്‍മാരും ലാബ് അധികൃതരും തമ്മിലുള്ള അവിഹിത ഇടപാടാണ് പിന്നിലെന്നു വ്യക്തമാണ്.
പ്രസവ ശുശ്രൂഷയ്‌ക്കെത്തുന്നവരാണ് കൂടുതലും തട്ടിപ്പിനിരകളാവുന്നത്. ഡോക്ടര്‍മാര്‍ പറയുന്ന ലാബിലെത്തി രക്തംകൊടുക്കാന്‍ കഴിയില്ലെങ്കില്‍ ഇവിടെ രോഗിയെ ചികില്‍സിക്കാനാവില്ലെന്നാണ് നിര്‍ണായക ഘട്ടങ്ങളില്‍ പറയുന്നതെന്നും പരാതിയുണ്ട്. ഇത്തരം നിരവധി അനുഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 450 രൂപ ഈടാക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ 1500 രൂപയും അതിലധികവുമാണ് ഈടാക്കുന്നത്. കൂടാതെ പകരം രക്തംകൊടുക്കുകയും വേണം. ഇത്തരം സ്ഥാപനങ്ങളില്‍ മതിയായ സുരക്ഷയോ ജീവനക്കാരോ ഇല്ല. ആവശ്യമായ പരിശോധനയില്ലാത്തത് രോഗികള്‍ക്കും രക്തദാതാക്കള്‍ക്കും പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ദേശിക്കുന്ന സ്വകാര്യ ആശുപത്രി ലോബിയുടെ ശ്രമങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്. രക്തബാങ്കിന് ഉണ്ടായിരിക്കേണ്ട യാതൊരു സൗകര്യവുമില്ലാതെയാണ് പല ആശുപത്രികളിലും രക്ത ശേഖരണം നടത്തുന്നത്. സ്‌ക്രീനിങ് കഴിയാത്ത ബ്ലഡ് ക്രോസ് മാച്ചിങ് നടത്താന്‍ പാടില്ലെന്നിരിക്കെ പാപ്പിനിശ്ശേരി, കമ്പില്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ നിന്ന് രോഗികളുടെ ബന്ധുക്കളെ നിര്‍ബന്ധിച്ച് രക്തദാതാക്കളെ എത്തിക്കാന്‍ പറയുകയും അല്ലാത്ത പക്ഷം രോഗിയെ പരിശോധിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
കണ്ണൂര്‍ ജില്ലാആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി സഹകരണ ആശുപത്രി, എകെജി ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളജ്്, പയ്യന്നൂര്‍ സഹകരണാശുപത്രി കൂടാതെ സ്വകാര്യ മേഖലയില്‍ ജോസ്ഗിരി ആശുപത്രി, ചെറുകുന്ന് മിഷന്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ സാറാ ബ്ലഡ് ബാങ്ക് എന്നിവയാണ് ജില്ലയിലെ അംഗീകൃത ബ്ലഡ് ബാങ്കുകള്‍.
എന്നാല്‍ വെറും കച്ചവടക്കണ്ണോടെയാണ് ചില സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ ജീവന്‍ വച്ചുള്ള ഇടപാടായതിനാല്‍ കൊള്ളലാഭം കൊയ്യാനും ഇതുവഴി സാധിക്കുന്നു. പറഞ്ഞ വിലകൊടുത്ത് രക്തം വാങ്ങുകയാണു പലരും. ഇതിനെതിരേ ബ്ലഡ് ഡോണേഴ്‌സ് കേരള(ബിഡികെ) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലിക്കു പരാതി നല്‍കിയിട്ടുണ്ട്. കലക്്ടര്‍ പരാതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക്് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായി, പ്രത്യേകിച്ച് രോഗികളുടെ കൂടെ ആശുപത്രികളിലെത്തുന്നവരെങ്കിലും ശക്തമായി പ്രതികരിച്ചാല്‍ മാത്രമേ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനം തടയാന്‍ കഴിയുകയുള്ളൂവെന്ന് ബിഡികെ ജില്ലാപ്രസിഡന്റ് പി വി സജി പറഞ്ഞു.

RELATED STORIES

Share it
Top